ഉപദ്രവം സഹിക്കാൻ വയ്യാതെ ഭാര്യ മറ്റൊരാൾക്കൊപ്പം പോയി; ഉടുമുണ്ടഴിച്ച് ഭർത്താവ് സ്റ്റേഷൻ വരാന്തയിൽ കെട്ടിത്തൂങ്ങി; രക്ഷകരായി പോലീസ്

Update: 2025-08-05 15:47 GMT

തൃശൂർ: കുന്നംകുളത്ത് യുവാവ് പോലീസ് സ്‌റ്റേഷൻ വരാന്തയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിന്റെ മനോവിഷമത്തിൽ. പോലീസിന്റെയും നാട്ടുകാരുടെയും അവസരോചിതമായ ഇടപെടലാണ് യുവാവിന്റെ ജീവൻ രക്ഷപ്പെടുത്തിയത്. പെരുമ്പിലാവ് ആനക്കല്ല് സ്വദേശി മുത്തുവാണ് കുന്നംകുളം പോലീസ് സ്റ്റേഷനിലേക്ക് കയറുന്നിടത്തെ വരാന്തയുടെ ഇടതു വശത്തായ് തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ലഹരിക്കടിമയായ മുത്തുവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ഭാര്യ മറ്റൊരാൾക്കൊപ്പം പോയത്.

ഒരുമാസം മുമ്പാണ് മുത്തുവിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം നാടുവിട്ടത്. ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുത്തു പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഭാര്യയെ പാലാരിവട്ടത്ത് നിന്നും പോലീസ് കണ്ടെത്തി. ശേഷം ഇവരെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഭാര്യയെ തന്നോടൊപ്പം അയക്കണം എന്ന് മുത്തു പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും മുത്തുവിന് ഒപ്പം പോകാൻ തയ്യാറെല്ലെന്ന് ഭാര്യ അറിയിച്ചു.

ഇതോടെ പ്രകോപിതനായ മുത്തു ഉടുമുണ്ടഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ പൊതുപ്രവർത്തകരും പോലീസുകാരും ചേർന്നാണ് ഇയാളെ കെട്ടഴിച്ച് താഴെയിറക്കിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന മുത്തുവിനെ വിദഗ്ധ ചികിത്സിക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒരാഴ്ച മുമ്പ് പെരുമ്പിലാവിൽ വെച്ച് വിഷം കഴിക്കാൻ ശ്രമിച്ച മുത്തുവിനെ രക്ഷിച്ചതും കുന്നംകുളം പോലീസ് ആയിരുന്നു.

Tags:    

Similar News