ശക്തമായ മഴയിൽ കല്ല് ദേഹത്ത് വീണ് ഒരാൾക്ക് ദാരുണാന്ത്യം; വൻ ശബ്ദം കേട്ട് ഓടിയെത്തി വീട്ടുകാർ; അപകടം ഏലത്തോട്ടത്തിൽ പണിയെടുക്കവെ
By : സ്വന്തം ലേഖകൻ
Update: 2025-04-05 14:31 GMT
ഇടുക്കി: ശക്തമായ മഴയെ തുടർന്ന് കല്ല് ദേഹത്തു വീണ് തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കിയിലാണ് സംഭവം നടന്നത്. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി അയ്യാവ് ആണ് മരിച്ചത്. ഉച്ചഭക്ഷണത്തിനു ശേഷം വിശ്രമിക്കുമ്പോൾ മഴയിൽ അടുത്ത തോട്ടത്തിൽ നിന്നും കല്ല് ഉരുണ്ടു വരികയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ അയ്യാവിനെ കട്ടപ്പനയിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. നെടുങ്കണ്ടം പ്രകാശ് ഗ്രാമിൽ ഇടിമിന്നലേറ്റ് വീട് തകർന്നു. പ്രകാശ്ഗ്രാം പാറയിൽ ശശിധരന്റെ വീടിനാണ് ഇടിമിന്നലേറ്റത്. വയറിംഗിനും തീപിടിച്ചു. വീട്ടിലുണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.