ടൂറിസത്തിന്റെ പേരിൽ അഞ്ചരക്കണ്ടി പുഴയിൽ നടന്നത് അനധികൃത മണലൂറ്റൽ; പരിസരത്തെ കിണറുകളിൽ ഉപ്പു വെള്ളം കലരുന്നതായി പരാതി ഉയർന്നിട്ടും നടപടിയുണ്ടായില്ല; ഒടുവിൽ മണലൂറ്റൽ തടഞ്ഞ് ഹൈക്കോടതി; ഔദ്യോഗിക അനുമതിയില്ലാതെ മണൽ വാരരുതെന്നും നിർദ്ദേശം

Update: 2025-05-06 08:22 GMT

കണ്ണൂർ: ടൂറിസത്തിന്റെ പേരിൽ അഞ്ചരക്കണ്ടി പുഴയിൽ നടന്നിരുന്ന അനധികൃത മണലൂറ്റിനെതിരെ ഹൈക്കോടതി ഉത്തരവ്. അഞ്ചരക്കണ്ടി പുഴയിലെ മുഴപ്പിലങ്ങാട് കടവ്, പാലയാട് എന്നിവിടങ്ങളിൽ നിന്ന് ഔദ്യോഗിക അനുമതിയില്ലാതെ മണൽ വാരരുതെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. പുഴയിൽ നിന്ന് പൂഴി വാരാൻ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പെർമിറ്റ് വേണമെന്നും കോടതി നിർദേശിച്ചു. മുഴപ്പിലങ്ങാട് കുടിവെള്ളം സംരക്ഷണ സമിതി ഭാരവാഹികളായ എൻ.പി.ചന്ദ്രദാസ്, നൈച്ചലത്ത് ഗംഗാധരൻ എന്നിവരുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. പുഴയിലെ അനധികൃത മണലൂറ്റൽ സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിൽ ഉപ്പ് വെള്ളം കലരുന്നതിന് കാരണമായി എന്ന് പരാതി ഉയർന്നിരുന്നു.

അഞ്ചരക്കണ്ടി പുഴയിലെ ധർമ്മടം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള 9 കിലോമീറ്റർ ദൂരെ നിന്നും മണലൂറ്റലിന് അനുമതി നൽകിയത്. ടൂറിസം പദ്ധതിയായ ബോട്ട് ചാലിന്റെ പേര് പറഞ്ഞായിരുന്നു മണലൂറ്റ് നടത്തിയത്. ഇതിനെതിരെ പുഴയോര വാസികളും, പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തുകയും മണൽ വാരൽ തടയുകയും ചെയ്തു. എന്നാൽ പോലീസിന്റെ ഒത്താശയോടെ മണൽ വാരൽ വീണ്ടും തുടരുകയായിരുന്നു. സാമൂഹികാഘാത പഠനമോ പാരിസ്ഥിതിക അനുമതിയോ ഇല്ലാതെയാണ് മണലൂറ്റുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. മണലൂറ്റ് ചോദ്യം ചെയ്തപ്പോൾ നാട്ടുകാർക്കും കർമസമിതി പ്രവർത്തകർക്കും അധികൃതരിൽ നിന്നും വ്യക്തമായ മറുപടി ഒന്നും ലഭിച്ചിരുന്നില്ല.

ബോട്ടിന് സഞ്ചരിക്കാൻ പുഴയ്ക്ക് 2.5 മീറ്റർ ആഴം കൂട്ടണമെന്നായിരുന്നു വാദം. എന്നാൽ, പുഴയിലെ മിക്ക സ്ഥലനങ്ങളിലും 5 മുതൽ 7.5 വരെ മീറ്റർ ആഴം കൂട്ടിയിട്ടുണ്ടെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകരുടെ പരിശോധനയിൽ വ്യക്തമായി. പുഴയിൽ നിന്ന് നിയന്ത്രണമില്ലാതെ മണലൂറ്റിയാൽ കരയിടിച്ചിൽ ഉണ്ടാകുമെന്നും കിണർ വെള്ളത്തിൽ ഉപ്പു വെള്ളം കലരുമെന്നുള്ള ആശങ്ക ഉയർന്നതിനാൽ മുഴപ്പിലങ്ങാട് കുടിവെള്ള സംരക്ഷണ സമിതിയും പരിഷത്തും ബന്ധപ്പെട്ട വകുപ്പുകൾക്കും കളക്ടർക്കും പരാതി നൽകിയിരുന്നു. ദേശീയ ടൂറിസം പദ്ധതിയുടെ മറവിലായിരുന്നു അഞ്ചരക്കണ്ടിപ്പുഴയിലെ മണലൂറ്റൽ.

ദേശീയ ഹരിത ടിബ്യൂണലിൻ്റെ മാനദണ്ഡമനുസരിച്ച് മണലെടുപ്പ് നിരോധിച്ച പുഴയാണ് അഞ്ചരക്കണ്ടിപ്പുഴ. അത് മറികടന്നാണ് മണലൂറ്റിന് അനുമതി നൽകിയത്. തോണിയിൽ പോയുള്ള മണൽ വാരലുൾപ്പെടെ വർഷങ്ങളായി നിരോധിച്ചതാണ്. അതിനാൽ അഞ്ചരക്കണ്ടിപ്പുഴയിലെ പൂഴിക്കടവുകൾ പ്രവർത്തനരഹിതമാണ്. മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടിപ്പുഴയിൽ നാല് ബോട്ടുജെട്ടികൾ നിർമിച്ചിട്ടുണ്ട്. ആ ജെട്ടികളെ ബന്ധിപ്പിച്ചുള്ള ബോട്ടുകളുടെ സഞ്ചാരം സുഗമമാക്കാനുള്ള ആഴം കൂട്ടലിന്റെ ഭാഗമായാണ് ഒരുവർഷത്തിലേറെയായി തുടർച്ചയായി മണലൂറ്റ് നടക്കുന്നത്.

യന്ത്രസഹായത്തോടെയാണ് മണൽ പമ്പ് ചെയ്ത് ശേഖരിക്കുന്നത്. ഇവ ലോറികളിലാക്കി കൊണ്ടുപോകുകയാണ്. ശേഖരിക്കുകയും കടത്തുകയും ചെയ്യുന്ന മണൽ പരിശോധിക്കാനോ കണക്കുസൂക്ഷിക്കാനോ ഇവിടെ നിരീക്ഷ സംവിധാനമുണ്ടായിരുന്നില്ല. മണലൂറ്റ് ആരംഭിച്ചതിന്റെ ആദ്യ ഘട്ടം മുതൽ പരിസരവാസികളും, പാരിസ്ഥിതിക സംഘടനകളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. മണലൂറ്റിനെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കളക്ടർക്കും പരാതി നൽകിയിരുന്നു. വിഷയത്തിൽ ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് ഒരുവർഷത്തിലേറെയായി നടന്നിരുന്ന മണലൂറ്റിന് അവസാനമായിരിക്കുന്നത്.

Tags:    

Similar News