മന്ത്രവാദത്തിന് തയ്യാറായില്ല; ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് തിളച്ച മീന്‍ കറി ഒഴിച്ചു
മന്ത്രവാദത്തിന് വിസമ്മതിച്ച യുവതിയുടെ മുഖത്ത് ഭർത്താവ് തിളച്ച മീൻകറി ഒഴിച്ചു
ചടയമംഗലം: മന്ത്രവാദത്തിന് തയ്യാറാകാത്തതിന് ഭര്‍ത്താവ് ഭാര്യയുടെ മുഖത്ത് അടുപ്പിലിരുന്ന തിളച്ച മീന്‍കറി ഒഴിച്ചു. മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയൂരിനടുത്ത് വയയ്ക്കല്‍ വഞ്ചിപ്പെട്ടി ഈട്ടിവിള തെക്കതില്‍ വീട്ടില്‍ റെജില ഗഫൂറി(36)നാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റത്. റെജിലയെ ആക്രമിച്ച ഭര്‍ത്താവ് സജീറിന്റെ പേരില്‍ ചടയമംഗലം പോലീസ് കേസെടുത്തു.
റജില മന്ത്രവാദത്തിന് വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണം. ബുധനാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. റെജിലയുടെ ദേഹത്ത് സാത്താന്‍ കൂടിയിരിക്കുന്നുവെന്ന് പറഞ്ഞ് സജീര്‍ കുറച്ചുനാളായി അഞ്ചല്‍ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് കൊണ്ടുപോയിരുന്നു. വീട്ടില്‍ തിരികെവന്നശേഷം സജീറും റെജിലയും തമ്മില്‍ ഇതേച്ചൊല്ലി വഴക്ക് പതിവായി. വ്യാഴാഴ്ച സജീര്‍ വീണ്ടും മന്ത്രവാദിയുടെ അടുത്തുപോയി ഭസ്മവും തകിടും ജപിച്ചുകൊണ്ടുവന്നു. റെജിലയോട് മുടിയഴിച്ചിട്ട് കുനിഞ്ഞിരിക്കാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതിന് റജില വിസമ്മതിക്കുകയും തനിക്ക് വേണ്ടെന്നുപറഞ്ഞ് റജീല വഴക്കുണ്ടാക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതനായ സജീര്‍ അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറിയെടുത്ത് റജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
റെജിലയുടെ നിലവിളികേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തി. ആദ്യം ആയൂരിലെ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചടയമംഗലം പോലീസ് അന്വേഷണം തുടങ്ങി.