കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ യാത്രക്കാരെക്കാള്‍ കൂടുതല്‍ ഫ്‌ളക്‌സുകള്‍; ബോര്‍ഡുകള്‍ വയ്ക്കുന്നത് ആദ്യം നിര്‍ത്തേണ്ടത് അധികാരത്തിലുള്ള പാര്‍ട്ടികള്‍; സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം; വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റുകളില്‍ അനധികൃത ഫ്ലക്സുകളും ബാനറുകളും വ്യാപകമായി സ്ഥാപിക്കുന്നതിന് ഹൈക്കോടതി കടുത്ത വിമര്‍ശനം ഉയര്‍ത്തി. ബസ് സ്റ്റാന്റുകളില്‍ യാത്രക്കാരേക്കാള്‍ കൂടുതലാണ് ഫ്ലക്സുകളും ബോര്‍ഡുകളും എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ബസ് സ്റ്റാന്റുകളിലെ പരിസരം മലീനമാകുന്നതില്‍ അതിരുകടന്ന നിയമലംഘനമാണെന്നും ഇത് തികച്ചും നാണക്കേടാണെന്നും കോടതി ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനത്തിന്റെ മഹത്വം കണക്കിലെടുത്ത് ഉടനടി നടപടി കൈക്കൊള്ളേണ്ടതുണ്ടെന്ന് സര്‍ക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിര്‍ദേശിച്ചു.
അനധികൃത ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഏറ്റവും കൂടുതല്‍ കാണപ്പെട്ടിരിക്കുന്നത് കെഎസ്ആര്‍ടിസി ഡിപ്പോകളിലാണെന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്നും ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് സ്വീകരിച്ച ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഇടപെടലിനെ കോടതി അഭിനന്ദിക്കുകയും ചെയ്തു.
ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നത് നാണക്കേട് ആണെന്ന് കെഎസ്ആര്‍ടിസിയും പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി പോലും കോടതിയില്‍ വ്യക്തമാക്കിയതുപോലെ, ഫ്ലക്സുകള്‍ സ്ഥാപിക്കുന്നത് ചില ട്രേഡ് യൂണിയനുകളാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാനാകുമോ എന്നതായിരുന്ന കോടതിയുടെ ചോദ്യം. ''ഫ്ലക്സുകള്‍ വയ്ക്കുന്നത് ആദ്യം അധികാരമുള്ള പാര്‍ട്ടികളാണെങ്കില്‍, മറ്റ് ഗ്രൂപ്പുകള്‍ അതുപോലെ തന്നെ ചെയ്യുന്നത് സ്വാഭാവികമാണ്. നിയമ ലംഘനം ആണെന്ന് കോടതി പറയുമ്പോള്‍ കോടതിയെ തെറിവിളിക്കുകയാണ് ചിലര്‍ ചെയ്യുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നും കോടതി പറഞ്ഞു.
ജനങ്ങള്‍ക്കായുള്ള ഏറ്റവും പ്രധാനപ്പെട്ട പൊതുഗതാഗത സേവനമാണിതെന്നും, അതുകൊണ്ടാണ് കെഎസ്ആര്‍ടിസി അടച്ചുപൂട്ടാതെ സംരക്ഷിക്കാന്‍ ഇടപെടുന്നതെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് ഈ ട്രേഡ് യൂണിയനുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ലേയെന്ന് കോടതി ചോദിച്ചു.