വെളുപ്പിന് ചായ ഉണ്ടാക്കി കുടിച്ച ശേഷം വിറകടുപ്പ് അണയ്ക്കാൻ മറന്നു; തീആളിക്കത്തി വീട് മുഴുവൻ കത്തി നശിച്ചു; ക്രിസ്മസ് ദിനത്തിൽ മനസ്സ് നോവിക്കുന്ന കാഴ്ച; സംഭവം മൂവാറ്റുപുഴയിൽ

Update: 2025-12-26 10:03 GMT

മൂവാറ്റുപുഴ: വിറകടുപ്പിൽ നിന്ന് തീ പടർന്ന് മൂവാറ്റുപുഴ മേക്കടമ്പിൽ ഒരു വീട് പൂർണ്ണമായും കത്തി നശിച്ചു. ക്രിസ്മസ് ദിനത്തിൽ പുലർച്ചെ മേക്കടമ്പ് പടിഞ്ഞാറേ മൂത്തേടത്ത് പി.യു. രാജുവിന്റെ വീടാണ് അടുക്കളയിലെ അടുപ്പിൽ നിന്ന് തീ പടർന്ന് അപകടത്തിൽപ്പെട്ടത്. അടുപ്പിലെ കനൽ പൂർണ്ണമായും അണയ്ക്കാതിരുന്നത് മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് തീ പടരാൻ കാരണമാവുകയായിരുന്നു.

റബർ ടാപ്പിംഗിന് പോകാനായി പുലർച്ചെ കാപ്പി ഉണ്ടാക്കിയ ശേഷം രാജു വിറകടുപ്പിലെ കനലുകൾ പൂർണ്ണമായും അണച്ചിരുന്നില്ല. അടുപ്പിൽ നിന്ന് ഉയർന്ന പുക പിന്നീട് തീയായി മാറിയതോടെ മുകളിൽ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളിലേക്ക് തീ ആളിപ്പടർന്നു. തുടർന്ന് വീടിന്റെ മേൽക്കൂരയിലേക്കും മറ്റ് ഭാഗങ്ങളിലേക്കും അതിവേഗം തീ വ്യാപിക്കുകയായിരുന്നു.

നാട്ടുകാർ വെള്ളം ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും അഗ്നിരക്ഷാ സേന യൂണിറ്റ് സ്ഥലത്തെത്തിയ ശേഷമാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്. വീട്ടിൽ രാജു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. തീപിടിത്തത്തിൽ വീടിന്റെ മേൽക്കൂരയും ഗൃഹോപകരണങ്ങളും മൊബൈൽ ഫോണും വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും കാർഷിക ഉത്പന്നങ്ങളും നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. അടുപ്പിലെ കനൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യാത്തതിനെത്തുടർന്നുണ്ടായ ഈ അപകടം വലിയ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചത്.

Tags:    

Similar News