പതിനെട്ടുകാരൻ വീട്ടിൽ ഉണ്ടായിരുന്ന സമയത്ത് ഉഗ്ര ശബ്ദം; കൂറ്റൻപാറ അടർന്ന് വീണ് വീട് തകർന്നു; കുട്ടി രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം ഇടുക്കിയിൽ
ഇടുക്കി: കീരിത്തോടിന് സമീപം പകുതിപ്പാലത്ത് കൂറ്റൻ പാറ അടർന്ന് വീണ് സരോജിനിയുടെ വീട് പൂർണ്ണമായും തകർന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനുള്ളിൽ ഉണ്ടായിരുന്ന സരോജിനിയുടെ പതിനെട്ടുകാരനായ മകൻ പാറ വീഴുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അപ്രതീക്ഷിതമായി അടർന്നു വീണ പാറ കവടിയാറുകുന്നേൽ സരോജിനിയുടെ വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു. വീടിന്റെ ഭൂരിഭാഗവും പാറയുടെ ഭാരത്താൽ തകർന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന പതിനെട്ടുകാരൻ വലിയ ശബ്ദം കേട്ട് ഞെട്ടിയെഴുന്നേറ്റ് പുറത്തേക്ക് ഓടുകയായിരുന്നു. ഇതോടെ ജീവൻ രക്ഷപ്പെട്ടെങ്കിലും വീട് പൂർണ്ണമായും നഷ്ടപ്പെട്ടു.
പ്രദേശത്ത് ഇനിയും അപകടകരമായ പാറകൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും, മഴ ശക്തമാകുമ്പോൾ അവയും അടർന്ന് വീഴുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. അപകട ഭീഷണി നിലനിൽക്കുന്നതിനെക്കുറിച്ച് നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.