പട്ടാപ്പകൽ വീടിൻ്റെ മുന്നിൽ നിന്ന് കറക്കം; തക്കം നോക്കി പൂട്ട് തകർത്ത് മോഷണം; കേസിൽ കുറുവ സ്ത്രീ പിടിയിൽ; സംഭവം പാലക്കാട്

Update: 2025-08-20 12:14 GMT

പാലക്കാട്: നഗരത്തിൽ പട്ടാപ്പകൽ വീടിന്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിൽ കുറുവ സംഘാംഗമായ യുവതി അറസ്റ്റിൽ. മുതലമട കൊല്ലങ്കോട് ചെമ്മണന്തോട് കോളനി സ്വദേശിനി ലക്ഷ്മി (33) ആണ് പാലക്കാട് ടൗൺ പോലീസിന്റെ പിടിയിലായത്.

പാലക്കാട് മേഴ്സി കോളേജ് ഭാഗത്ത് താമസിക്കുന്ന സുധപ്രേമിന്റെ വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറി ഓട്ടുപാത്രങ്ങളും വിലപിടിപ്പുള്ള മറ്റ് സാധനങ്ങളും അപഹരിച്ച കേസിലാണ് ലക്ഷ്മിയെ അറസ്റ്റ് ചെയ്തത്. എറണാകുളം, പാലക്കാട് ജില്ലകളിലായി അഞ്ച് മോഷണക്കേസുകളിൽ ലക്ഷ്മി പ്രതിയാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സമാനമായ രീതിയിൽ പ്രതി മോഷണം നടത്തിയതായി സംശയിക്കുന്നുണ്ട്. ടൗണിലെ പല ഭാഗങ്ങളിലായി തമ്പടിച്ച് പകലും രാത്രിയും ആളില്ലാത്ത വീടുകൾ കണ്ടെത്തി മോഷണം നടത്തുകയാണ് ഇവരുടെ സംഘത്തിന്റെ പതിവ് രീതി.

ലക്ഷ്മി ഉൾപ്പെടുന്ന ചെമ്മണന്തോട് കോളനിയിലെ ഭൂരിഭാഗം പേരും കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്. അടുത്തിടെ തമിഴ്‌നാട്ടിലെ ഈറോഡിൽ നടന്ന 13 കൊലപാതകങ്ങളിലൂടെ മുതലുകൾ അപഹരിച്ച സംഘത്തിലും ഈ കോളനിയിൽ നിന്നുള്ള ഒരാൾ ഉൾപ്പെട്ടിരുന്നു.

Tags:    

Similar News