ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി കരയോട് ചേർത്ത് അടുപ്പിച്ചു; പിന്നാലെ ഹൗസ്ബോട്ട് തീഗോളമാകുന്ന കാഴ്ച; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം ആലപ്പുഴയിൽ
By : സ്വന്തം ലേഖകൻ
Update: 2025-11-23 15:28 GMT
ആലപ്പുഴ: പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം തോട്ടാത്തോട് ഭാഗത്തുവെച്ച് ഒരു ഹൗസ് ബോട്ടിന് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്.
തത്തംപള്ളി സ്വദേശി ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള 'ഓൾ സീസൺ' ബോട്ടാണ് കത്തിനശിച്ചത്. അടുക്കളയിലെ ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതികളായിരുന്നു ബോട്ടിലെ അതിഥികൾ. ഉച്ചഭക്ഷണത്തിനായി കരയോട് അടുപ്പിച്ചതിനാൽ അതിഥികളെയും ജീവനക്കാരെയും വേഗത്തിൽ രക്ഷപ്പെടുത്താൻ കഴിഞ്ഞു. ബോട്ട് പൂർണമായും വെള്ളത്തിൽ മുക്കിയാണ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.