കുടുംബ വഴക്കിനെ തുടർന്ന് തർക്കം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; പ്രതി ഒളിവിൽ; സംഭവം പാലക്കാട് ചെർപ്പുളശ്ശേരിയിൽ

Update: 2024-11-18 11:06 GMT

പാലക്കാട്: ചെർപ്പുളശ്ശേരിയിൽ കുടുംബ വഴക്കിനെ തുടർന്നുണ്ടായ തർക്കത്തിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപത്തെ സുനിത ആണ് കുത്തേറ്റ് മരിച്ചത്. ഇന്ന് പുലർച്ചെ 5.45 ഓടെ ആയിരുന്നു സംഭവം നടന്നത്. നെഞ്ചിലും വാരിയെല്ലിലുമാണ് സുനിതക്ക് കുത്തേറ്റത്. ഭ൪ത്താവ് സത്യൻ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് നടത്തുന്നുണ്ട്.

കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സത്യനുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ബഹളം കേട്ട് മകൻ എത്തിയപ്പോഴാണ് സുനിതയെ കുത്തേറ്റ നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രണ്ടു മാസം മുമ്പാണ് മലപ്പുറം പൊന്നാനി സ്വദേശികളായ സുനിതയും കുടുംബവും മകനൊപ്പം ചെ൪പ്പുളശ്ശേരിയിലേക്ക് താമസം മാറ്റിയത്. സംഭവശേഷം ഭ൪ത്താവ് സത്യൻ ഒളിവിൽ പോയി. ഇയാൾക്കായി ചെ൪പ്പുളശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News