ഹയാക്കോണ്‍ 1.0: കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നത് എങ്ങനെ? ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍; കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

ഫ്യൂച്ചര്‍ കേരള മിഷന്റെ രാജ്യാന്തര കുളവാഴ കോണ്‍ഫറന്‍സ് ജനുവരി 8 മുതല്‍ കൊച്ചിയില്‍

Update: 2026-01-06 10:53 GMT

കൊച്ചി: ജലാശയങ്ങളില്‍ കുളവാഴകള്‍ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവര്‍ദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിന്‍ സര്‍വകലാശാലയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു.

'ഹയാക്കോണ്‍ 1.0' എന്ന പേരില്‍ കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, എംപെഡ, ട്രാന്‍സ് വേള്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതല്‍ 10 വരെ ജെയിന്‍ സര്‍വകലാശാല കൊച്ചി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നത്. ജനുവരി എട്ടിന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എംഎല്‍എ, ഹൈബി ഈഡന്‍ എംപി എന്നിവര്‍ വിശിഷ്ടാതിഥികളാകും.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കുളവാഴയില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജെയിന്‍ സര്‍വകലാശാല ചാന്‍സലര്‍ ഡോ. ചെന്‍രാജ് റോയ്ചന്ദ്, ഫ്യൂച്ചര്‍ കേരള മിഷന്‍ ചെയര്‍മാന്‍ പ്രൊഫ. വേണു രാജാമണി, ജെയിന്‍ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് എന്നിവര്‍ പങ്കെടുക്കും.

ജനുവരി 9 - 10 തിയതികളില്‍ 6 സെഷനുകളായി കുളവാഴ നിയന്ത്രണത്തിനായുള്ള രാജ്യാന്തര രീതികളെയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളെയും കുറിച്ചുള്ള ഗഹനമായ ചര്‍ച്ചകള്‍ നടക്കും. കൃഷിമന്ത്രി പി. പ്രസാദ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധികള്‍, നൈജീരിയ, കെനിയ, യുകെയിലെ ന്യൂകാസില്‍ സര്‍വകലാശാല, ഇന്തോ-ജര്‍മ്മന്‍ ബയോഡൈവേഴ്‌സിറ്റി പ്രോഗ്രാം എന്നിവിടങ്ങളിലെ വിദഗ്ധരുടെ പ്രബന്ധങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, സൗത്ത് ഏഷ്യന്‍ തണ്ണീര്‍ത്തട ഏജന്‍സി, ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക്, എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍, കേരളത്തിലെ വിവിധ വ്യവസായ സംഘടനാ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചകളുടെ ഭാഗമാകും. കൂടാതെ അസം, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, പുതുച്ചേരി, ചണ്ഡീഗഡ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ളവരും കുളവാഴ നിര്‍മാര്‍ജന - മൂല്യവര്‍ദ്ധന മാതൃകകള്‍ പങ്കുവെക്കും.

ജനുവരി 10-ന് കുളവാഴ നിയന്ത്രണത്തിനായി ദേശീയ-സംസ്ഥാന തലങ്ങളില്‍ സ്വീകരിക്കേണ്ട നയരൂപീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍, പി.കെ. കുഞ്ഞാലിക്കുട്ടി എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്ന സെഷനില്‍ ശാസ്ത്ര സാങ്കേതിക വിദഗ്ധരും വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സര്‍മാരും, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, കുടുംബശ്രീ തുടങ്ങിയവരുടെ പ്രതിനിധികളും പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ കളക്ടര്‍മാര്‍ പൊതുജനങ്ങളുമായും കര്‍ഷക-മത്സ്യത്തൊഴിലാളി പ്രതിനിധികളുമായും സംവദിക്കും.

പ്രമുഖ മാധ്യമ സ്ഥാപന മേധാവികളും, ഓണ്‍ലൈന്‍ മാധ്യമ പ്രതിനിധികളും വിവിധ സെഷനുകളിലായി പങ്കെടുക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി, ഉമ തോമസ് എംഎല്‍എ എന്നിവര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഫ്യൂച്ചര്‍ കേരള മിഷന്‍ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫ. ഡോ. ജി. നാഗേന്ദ്ര പ്രഭു കുളവാഴ നിയന്ത്രണത്തിനായുള്ള പുതിയ നയരേഖയുടെ കരടും ചര്‍ച്ചകളുടെ സംഗ്രഹവും അവതരിപ്പിക്കും. സമ്മേളത്തില്‍ അംഗീകരിച്ച കരട് നയസമീപന രേഖ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കും. വിശദ വിവരങ്ങള്‍ക്ക് +91 94950 17901

Tags:    

Similar News