താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച സംഭവം; കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി; അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും പങ്കെടുക്കാനും നിർദ്ദേശം

Update: 2024-12-10 10:03 GMT

മുക്കം: താമരശ്ശേരി ചുരത്തിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടകരമായ രീതിയിൽ ബസ് ഓടിച്ച കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ നടപടി. മോട്ടോര്‍ വാഹന വകുപ്പാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്. കോഴിക്കോട് സ്വദേശിയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുഹമ്മദ് റാഫിഖിന്‍റെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദാക്കി.

ഇതിന് പുറമെ അഞ്ചു ദിവസത്തെ റോഡ് സുരക്ഷ ക്ലാസിലും ഡ്രൈവര്‍ പങ്കെടുക്കണം. കോഴിക്കോട് എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒയുടേതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് മുഹമ്മദ് റാഫിഖ് കെഎസ്ആര്‍ടിസി ബസ് ഓടിച്ചത്.

ഡ്രൈവര്‍ തുടര്‍ച്ചയായി ഫോണ്‍ ഉയോഗിക്കുന്നത് ശ്രദ്ധയിപ്പെട്ട യാത്രക്കാരന്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. ശനിയാഴ്ച വൈകീട്ട് 4.50-ന് കല്പറ്റയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ ഡ്രൈവറാണ് അപകടകരമായ ഡ്രൈവിങ് നടത്തിയത്.

Tags:    

Similar News