റോഡുകളിൽ ഇരുമ്പ് സ്ലാബ് മോഷണം വ്യാപകമാകുന്നു; കാൽനട യാത്രികർക്കും വാഹനങ്ങൾക്കും വൻ അപകടഭീഷണി; ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ

Update: 2025-08-20 16:10 GMT

കൊല്ലം: നഗരത്തിലെ റോഡുകളിൽ പ്രത്യേകിച്ച് ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് സ്ലാബുകൾ വ്യാപകമായി മോഷണം പോകുന്നത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടഭീഷണിയായി മാറിയിരിക്കുകയാണ്. ചിന്നക്കട ദേശിംഗനാട് സ്കാൻസിന് മുന്നിൽ നിന്ന് ശങ്കേഴ്സിനടുത്തേക്ക് പോകുന്ന ശങ്കർ നഗർ റോഡിൽ ഒരാഴ്ചയ്ക്കിടെ ഏഴ് ഇരുമ്പ് സ്ലാബുകളാണ് കാണാതായത്. രാത്രികാലങ്ങളിൽ ലോറികളിലെത്തിയാണ് മോഷ്ടാക്കൾ ഇവ കടത്തിക്കൊണ്ടുപോകുന്നത്.

റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നത് ഒഴിവാക്കാൻ ഓടകളിലേക്ക് വെള്ളം വേഗത്തിൽ ഇറങ്ങിപ്പോകാനായി വിടവുകളുള്ള ഇരുമ്പ് സ്ലാബുകളാണ് പലയിടങ്ങളിലും സ്ഥാപിച്ചിരുന്നത്. ഇവ കോൺക്രീറ്റിൽ ഉറപ്പിക്കാത്തതിനാൽ മോഷ്ടാക്കൾക്ക് എളുപ്പത്തിൽ കടത്താൻ സാധിക്കുന്നു. റോഡിന് വീതി കുറവായതിനാൽ ഈ സ്ലാബുകൾക്ക് മുകളിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.

സ്ലാബുകൾ മോഷ്ടിക്കപ്പെട്ട ഭാഗങ്ങളിൽ ഓടകൾ തുറന്നുകിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളും കാറുകളും ഓടയിൽ വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ശങ്കർ നഗറിലെ ഓടയ്ക്ക് കുറുകെയുള്ള സ്ലാബുകൾ മോഷ്ടിക്കപ്പെട്ടാൽ ഈ ഭാഗത്തെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഇവിടെ ഓടകൾക്ക് ഒന്നേകാൽ മീറ്റർ വരെ ആഴമുണ്ട്.

ഇതുസംബന്ധിച്ച് കോർപ്പറേഷനിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും സമാനമായ രീതിയിൽ ഇരുമ്പ് സ്ലാബുകൾ മോഷണം പോയതായും റിപ്പോർട്ടുകളുണ്ട്. ഈ വിഷയത്തിൽ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിട്ടുണ്ട്.

Tags:    

Similar News