സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു; ആശുപത്രി കിടക്കയില്‍ നിന്നും ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്ത് ഉമ തോമസ് എംഎല്‍എയും
സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു
കൊച്ചി: കൊച്ചിയില്‍ ജെയിന്‍ യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന് കൊടിയേറി. വൈകുന്നേരം കിന്‍ഫ്ര ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനില്‍ നടന്ന ചടങ്ങ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തതോടെയാണ് എട്ട് ദിനരാത്രങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് തുടക്കമായത്. അക്കാദമിക് താത്പര്യമുള്ളവര്‍ക്കും വിനോദപ്രേമികള്‍ക്കും ആവശ്യമുള്ളതെല്ലാം ഉള്‍പ്പെടുത്തി വിഭാവനം ചെയ്ത സമ്മിറ്റിനെ ഇരുകൈയും നീട്ടിയാണ് കൊച്ചി സ്വീകരിച്ചത്.
ഇനിയുള്ള ഏഴ് ദിവസങ്ങള്‍ ഉത്സവ ലഹരിയിലാകും. ഉദ്ഘാടന സമ്മേളനത്തില്‍ ഹൈബി ഈഡന്‍ എം.പി, ഉമ തോമസ് എംഎല്‍എ, ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, ജെയിന്‍ യൂണിവേഴ്സിറ്റി ചാന്‍സിലര്‍ ചെന്‍രാജ് റോയ്ചന്ദ്, പ്രോ വൈസ് ചാന്‍സിലര്‍ ഡോ. ജെ ലത, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹെഡ് ഓഫ് മിഷന്‍ ശാലിനി മേടപ്പള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
ആശുപത്രിക്കിടക്കയില്‍ നിന്നും ലൈവിലാണ് ഉമാതോമസ് എംഎല്‍എ ചടങ്ങില്‍ സംബന്ധിച്ചത്. തുടര്‍ന്ന് കാണികള്‍ക്ക് ദൃശ്യ സമ്മാനം ഒരുക്കി കേരളത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും വേദിയില്‍ അരങ്ങേറി.
കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിലായിരുന്നു ദൃശ്യ വിരുന്ന് നടന്നത്. സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ഇന്ന് ഭാവി വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് വിവിധ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്രമുഖര്‍ നയിക്കുന്ന മാസ്റ്റര്‍ ക്ലാസുകളും നടക്കും. വൈകുന്നേരം കൊച്ചിയെ ആവേശത്തിലാക്കുവാന്‍ ബോളിവുഡ് ഗായകന്‍ അര്‍മാന്‍ മാലിക്, മ്യുസീഷന്‍ മുഹമ്മദ് മുബാസ് എന്നിവരുടെ സംഗീത പരിപാടിയും നടക്കും.