വാടക വീട്ടിൽ നിന്നും ഒഴിഞ്ഞു കൊടുക്കാത്തതിൽ വിരോധം; 46കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിടിയിലായത് വധശ്രമമടക്കം നിരവധി കേസുകൾ പ്രതിയായ 'ജാങ്കോ' അനിൽ കുമാർ

Update: 2025-11-03 16:00 GMT

തിരുവനന്തപുരം: 46കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ജാങ്കോ' എന്നറിയപ്പെടുന്ന അനിൽകുമാർ. പേട്ട പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കടകംപള്ളി സ്വദേശിയും കൊച്ചുവേളി വിനായക നഗറിൽ വാടകയ്ക്ക് താമസിക്കുന്ന സുജാബിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് അറസ്റ്റ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

അനിൽകുമാറിന്റെ സഹോദരന്റെ പേരിലുള്ള വാടക വീട്ടിൽനിന്ന് സുജാബ് ഒഴിഞ്ഞു മാറാത്തതിലുള്ള വിരോധം കാരണമാണ് അനിൽ സുജാബിനെ ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 7.30 ഓടെ വാടക വീട്ടിലെത്തിയ അനിൽ, സുജാബിനെ കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പേട്ട സിഐ വി. എം. ശ്രീകുമാർ, എസ്ഐ സുമേഷ്, സാബു, സിപിഒമാരായ ദീപു, ഷെഫീഖ്, അനൂപ് എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.

42 വയസ്സുള്ള അനിൽകുമാർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊച്ചുവേളി, വിനായക നഗർ, പുതുവൽ പുത്തൻ വീട്ടിൽ വിക്രമിന്റെ മകനാണ് അറസ്റ്റിലായ അനിൽകുമാർ. ഇയാൾക്ക് തലസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. രണ്ടുതവണ കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടിട്ടുള്ള ഇയാൾ, സ്ഫോടക വസ്തു നിയമപ്രകാരമുള്ള കേസുകളിലും പ്രതിയാണ്. പോലീസിനെ കണ്ട് പടക്കം എറിഞ്ഞ് രക്ഷപ്പെടുകയാണ് ഇയാളുടെ രീതിയെന്നും പോലീസ് പറയുന്നു.

Tags:    

Similar News