കാളികാവിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരു കിലോമീറ്റർ ചുറ്റളവിൽ രോഗം സ്ഥിരീകരിച്ചത് എട്ടു കുട്ടികളടക്കം ഒമ്പത് പേർക്ക്; രോഗവ്യാപനത്തിന്‍റെ ഉറവിടം വ്യക്തമല്ല; കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു

Update: 2025-10-21 06:41 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയിൽ, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ എട്ടു കുട്ടികളടക്കം ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

പുറ്റംകുന്നിലെ അഞ്ചു കുട്ടികൾക്കും പള്ളിക്കുന്ന്, കല്ലംകുന്ന് എന്നിവിടങ്ങളിലെ ഓരോ കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ട്. കുറുപൊയിലിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ സഹായം തേടിയവരും രോഗികളിൽ ഉൾപ്പെടുന്നു.താഴെ പുറ്റമണ്ണയിലെ ഗ്രൗണ്ടില്‍ ഗ്രൗണ്ടില്‍ കളിച്ച പുറ്റംകുന്നിലെ അഞ്ച് കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. മഞ്ഞപ്പിത്ത രോഗാണു ശരീരത്തിൽ പ്രവേശിച്ച് ലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കുന്നതിനാൽ, പ്രതിരോധ പ്രവർത്തനങ്ങൾ 50 ദിവസത്തേക്ക് തുടരുമെന്ന് അധികൃതർ അറിയിച്ചു. ആഹാരം പങ്കുവെക്കുക, രോഗബാധിതർ ഉപയോഗിക്കുന്ന ശുചിമുറി, പാത്രങ്ങൾ എന്നിവ പങ്കുവെക്കുക തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ട്. രോഗബാധിതർ പാചകം ചെയ്യുന്നതും വിളമ്പുന്നതും പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ നിർദ്ദേശിച്ചു. 

Tags:    

Similar News