ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി ഇടക്കാല ഉത്തരവ് വന്നതോടെ ദേവസ്വം മന്ത്രിയും ബോര്‍ഡും ഒരുനിമിഷം അധികാരത്തില്‍ തുടരരുത്; രാജി വച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭമെന്ന് കെ.സി. വേണുഗോപാല്‍

ദേവസ്വം മന്ത്രിയും ബോര്‍ഡും ഒരുനിമിഷം അധികാരത്തില്‍ തുടരരുത്

Update: 2025-10-21 16:04 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ഉടനടി രാജിവെക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ആവശ്യപ്പെട്ടു. 2019-ലെ സ്വര്‍ണക്കൊള്ള ബോധപൂര്‍വം മറച്ചുവെച്ചാണ് നിലവിലെ ബോര്‍ഡ് 2025-ല്‍ ദ്വാരപാലക ശില്‍പം സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്നും ഇത് ദുരൂഹമാണെന്നും കോടതി നിരീക്ഷിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ശബരിമലയിലെ സ്വര്‍ണക്കൊള്ള ബോര്‍ഡിന്റെ മൗനാനുവാദത്തോടെയാണ് നടന്നതെന്ന ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ് കോടതിയുടെ കണ്ടെത്തലുകള്‍. 2019-ലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് രേഖകളില്‍ കൃത്രിമം നടന്നതുപോലെ, 2025-ല്‍ ദ്വാരപാലക ശില്‍പത്തില്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതിലും ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍, ഒരു നിമിഷം പോലും നിലവിലെ ദേവസ്വം ബോര്‍ഡിനും ദേവസ്വം മന്ത്രിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല.

ഇതൊരു സംഘടിത കൊള്ളയാണെന്നും ഇതിന് ബോര്‍ഡും സര്‍ക്കാരും അവസരമൊരുക്കുകയായിരുന്നുവെന്നും വേണുഗോപാല്‍ ആരോപിച്ചു. 2019-ലെ ബോര്‍ഡിനെ മാത്രം പഴിചാരി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ല. കോടതി ദുരൂഹത ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍, നാണമുണ്ടെങ്കില്‍ രാജിവെച്ച് പുറത്തുപോകാനുള്ള ആര്‍ജവം ദേവസ്വം ബോര്‍ഡും മന്ത്രിയും കാണിക്കണം. അതല്ലെങ്കില്‍, ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags:    

Similar News