'കുറ്റകൃത്യം തെളിഞ്ഞു, ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു'; അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു; എന്നും അതിജീവിതയ്‌ക്കൊപ്പം; കുറിപ്പുമായി കെ.കെ. ശൈലജ

Update: 2025-12-08 10:02 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ നീക്കത്തെ സ്വാഗതം ചെയ്ത് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജ. അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി. രാജീവും വ്യക്തമാക്കി.

കേസിൽ അപ്പീൽ നൽകാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കെ.കെ. ശൈലജ ഫെയ്സ്ബുക്കിൽ കുറിച്ചു. "കുറ്റകൃത്യം തെളിഞ്ഞു. ഗൂഢാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീൽ പോകുമെന്നും പ്രോസിക്യൂഷൻ സൂചിപ്പിക്കുന്നു. അപ്പീൽ നൽകാനുള്ള നിയമ വകുപ്പിൻ്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നും അതിജീവിതയ്ക്കൊപ്പമാണ്," ശൈലജ കുറിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്റെ വിധി തിങ്കളാഴ്ചയാണ് വന്നത്. ദിലീപ് എട്ടാം പ്രതിയായ കേസിൽ, ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഈ പ്രതികൾക്കുള്ള ശിക്ഷ മെയ് 12-ന് വിധിക്കും. കുറ്റക്കാരെന്ന് വിധിക്കപ്പെട്ട പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News