കേരളത്തില്‍ സിപിഎം - ബിജെപി അന്തര്‍ധാര സജീവം; ഷംസീറിന്റെ പ്രതികരണം ഉദാഹരണം; പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് കെ മുരളീധരന്‍

പിണറായി വിജയന്‍ എതിര്‍ക്കുന്നത് രാഹുല്‍ ഗാന്ധിയെ

Update: 2024-09-09 12:47 GMT

കേരളത്തില്‍ സിപിഎം - ബിജെപി അന്തര്‍ധാര സജീവം; ഷംസീറിന്റെ പ്രതികരണം ഉദാഹരണം; പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമെന്ന് കെ മുരളീധരന്‍തിരുവനന്തപുരം: കേരളത്തില്‍ സിപിഎം - ബിജെപി അന്തര്‍ധാര സജീവമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പ്രതികരണം. അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടുക ബിജെപി -മാര്‍ക്‌സിസ്റ്റ് സഖ്യത്തെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ ദേശീയ നേതൃത്വം ഇന്ത്യ സഖ്യത്തിനൊപ്പമാണ് എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എതിര്‍ക്കുന്നത് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയുമാണ്. വ്യത്യസ്ത അഭിപ്രായം കേരളത്തിലെ ചില സിപിഎം നേതാക്കള്‍ക്കുണ്ടെങ്കിലും അവര്‍ പിണറായി വിജയന് വഴങ്ങികൊടുക്കുകയാണ്.

ഇപി ജയരാജനെ മാറ്റി നിര്‍ത്തിയത് താത്കാലികമായി മാത്രമാണെന്നും ഇപി പലതും പുറത്തുപറഞ്ഞാല്‍ മുഖ്യമന്ത്രി വെട്ടിലാകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ നിലപാടാണ് അജിത്കുമാറിന്റെ കരുത്ത്. അജിത്കുമാര്‍ എല്ലാ കാര്യങ്ങളും വെട്ടിതുറന്നുപറഞ്ഞാല്‍ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ പറ്റാത്ത സ്ഥിതിയുണ്ടാകും. പരമാവധി അജിത്കുമാറിനെ സംരക്ഷിക്കുകയെന്ന നയമാണ് പിണറായി സ്വീകരിച്ചിട്ടുള്ളത്. അതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ആര്‍എസ്എസ് ഇന്ത്യയില്‍ എതിര്‍ക്കപ്പെടേണ്ട സംഘടന തന്നെയാണ്. രാജ്യത്ത് വര്‍ഗീയത ഉണ്ടാക്കുന്ന സംഘടനയാണത്. കേരളത്തില്‍ മൂന്നാമതും അധികാരത്തില്‍ വരുന്നതിനുള്ള പിണറായി വിജയന്റെ അജണ്ടയുടെ ഭാഗമായാണ് ആര്‍എസ്എസിന് വെള്ള പൂശുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും മറുഭാഗത്ത് ബിജെപി - മാര്‍ക്‌സിസ്റ്റ് അവിശുദ്ധ ബന്ധത്തെയുമാണ് വരാനിരിക്കുന്ന തദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിടുന്നത്. പിണറായി സര്‍ക്കാര്‍ ഒരു തികഞ്ഞ പരാജയമാണ്. ഇനി സമരങ്ങളുടെ ഒരു പരമ്പരതന്നെയാണ് കേരളത്തില്‍ നടക്കാനിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News