എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് മുഖ്യമന്ത്രിയുടെ ദൂതനായി; മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന്‍ എഡിജിപിയാണെന്ന് മനസിലായി: കെ മുരളീധരന്‍

എഡിജിപിക്ക് ബിജെപിയുമായി നല്ല ബന്ധമുണ്ട്

Update: 2024-09-07 06:16 GMT

തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി എഡിജിപി എംആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപി സന്ദര്‍ശനം നടത്തിയതെന്ന് മുരളീധരന്‍ ആരോപിച്ചു.

'മുഖ്യമന്ത്രിക്ക് ചില കാര്യങ്ങള്‍ നേടാന്‍ ഏറ്റവും വിശ്വസ്തന്‍ എഡിജിപിയാണെന്ന് മനസിലായി. എഡിജിപിക്ക് ബിജെപിയുമായി നല്ല ബന്ധമുണ്ട്. നാളെ കേരളം കൈവിട്ടാലും ഡല്‍ഹിയില്‍ മോദിയുണ്ടല്ലോ എന്ന ധൈര്യമാണ് അജിത് കുമാറിന്. അല്ലെങ്കില്‍ ഇത്രയും ധൈര്യം ഒരു എഡിജിപി കാണിക്കുമോ? അതില്‍ നിന്ന് കാര്യങ്ങള്‍ വ്യക്തമാണ്. ഇനി മുഖ്യമന്ത്രിക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാവില്ല. ഏതാണ്ട് ചക്രവ്യൂഹത്തില്‍പ്പെട്ട സ്ഥിതിയാണ് മുഖ്യമന്ത്രിക്ക്.എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തില്‍ രണ്ട് ദിവസമായി മുഖ്യമന്ത്രി മറുപടി പറയാതിരുന്നപ്പോള്‍ തന്നെ ഉറപ്പായിരുന്നു ഇതില്‍ നിഷേധിക്കാനാവാത്ത സാഹചര്യമുണ്ട്- കെ മുരളീധരന്‍ പറഞ്ഞു.

സത്യം പുറത്തുവന്നു. അജിത് കുമാര്‍ കണ്ടു, പക്ഷേ അത് വ്യക്തിപരമായിട്ടാണ്. എന്ത് വ്യക്തിപരം?കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുമിച്ച് എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ആര്‍എസ്എസ്. അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ ദേശീയ നേതാവിനെ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥന്‍ സന്ദര്‍ശിക്കുമ്പോള്‍ മുഖ്യമന്ത്രിയെ അറിയിക്കേണ്ടതില്ലേ? കേരളത്തിന്റെ ആര്‍എസ്എസ് നേതാവ് ജയകുമാര്‍ ക്‌ളാസ്മേറ്റ്സ് ആണെന്നാണ് പറയുന്നത്. ജയകുമാറിന്റെ വീട്ടില്‍ അല്ലല്ലോ പോയത്.

ആര്‍എസ്എസ് നേതാവിനെ കാണാന്‍ തന്നെയല്ലേ?തൃശൂര്‍ പൂരം കലക്കിയതാണ് കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കിയത്. തൃശൂര്‍ പൂരം കലങ്ങിയതിനെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. അതില്‍ തീരുമാനമുണ്ടാകണം'- മുരളീധരന്‍ പറഞ്ഞു.ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ എഡിജിപി അറിയിച്ചുവെന്നത് മാദ്ധ്യമവാര്‍ത്തയാണെന്നും വസ്തുത അറിയില്ലെന്നും സിപിഐ നേതാവ് വി എസ് സുനില്‍ കുമാര്‍.

വാര്‍ത്ത അനുസരിച്ചാണെങ്കില്‍ വളരെ ഗൗരവതരമായ കാര്യമാണ്. എഡിജിപി സന്ദര്‍ശനം നടത്തിയത് പൂരം അലങ്കോലമാക്കാനാണെങ്കില്‍ ഇതില്‍ ഒരു കക്ഷി ആര്‍എസ്എസ് ആണെന്ന് ഉറപ്പായിരിക്കുകയാണ്. പൂരം കലക്കിയാല്‍ വിജയിക്കുമെന്ന താത്പര്യം ആര്‍എസ്എസിന്റേതാണെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Tags:    

Similar News