ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നു; തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിന്? സിപിഎമ്മില്‍ ഹാപ്പിയെന്ന് കടകംപള്ളി

Update: 2025-03-11 09:40 GMT

തിരുവനന്തപുരം: സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തനാണെന്ന വാര്‍ത്തകള്‍ തള്ളി കടകംപള്ളി സുരേന്ദ്രന്‍. ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്ന് പറഞ്ഞ കടകംപള്ളി സുരേന്ദ്രന്‍ തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'സിപിഎമ്മിനെ ഇല്ലാതാക്കുക, അതിന് കടകംപള്ളിയെ കൂടെ കരുവാക്കാനാണ് നിങ്ങള്‍ നോക്കുന്നത്' കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 'നിങ്ങള്‍ കണ്ട രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഇടയില്‍ ദയവ് ചെയ്ത് എന്നെ ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കരുത്. ഞാനങ്ങനെയൊരു ആളല്ല. മാധ്യമങ്ങള്‍ തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കണം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാനങ്ങള്‍ക്ക് വേണ്ടി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന ആളല്ല താന്‍. അത് ലഭിക്കാത്തപ്പോള്‍ പിണങ്ങി പോകുന്ന ആളുമല്ല. എനിക്ക് യാതൊരു മോഹഭംഗവും ഉണ്ടായിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, സ്ഥാനമാനങ്ങള്‍ നേടുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരന്റെ മൗലിക ഉത്തരവാദിത്വമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ കടകംപള്ളി സുരേന്ദ്രന്‍ ചോദിച്ചു. ഫെയ്സ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News