മാനന്തവാടി-മൈസൂരു അന്തര്‍സംസ്ഥാന പാതയില്‍ അപകടം; കര്‍ണാടക ആര്‍.ടി.സി ബസും സ്വകാര്യ ടൂറിസ്റ്റ് ബസ് തമ്മില്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ 47 പേര്‍ക്ക് പരിക്ക്; അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍

Update: 2025-04-30 04:19 GMT

മാനന്തവാടി: മാനന്തവാടി-മൈസൂരു അന്തര്‍സംസ്ഥാന പാതയിലെ താഴെ 54 വളവില്‍ അപകടം. കര്‍ണാടക ആര്‍.ടി.സി ബസും സ്വകാര്യ ടൂറിസ്റ്റ് ബസ് തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 47 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് 4.15 ഓടെയാണ് അപകടം നടന്നത്. മാനന്തവാടിയില്‍ നിന്നു മൈസൂരുവിലേക്ക് പോവുകയായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസും, ബാവലി ഭാഗത്ത് നിന്നു വരികയായിരുന്നു സ്വകാര്യ ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടി. തീവ്രവേഗതയിലായിരുന്ന കര്‍ണാടക ആര്‍.ടി.സി ബസ് അപകടത്തിന് കാരണമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിന്തല്‍മണ്ണ പുലാമന്തോള്‍ സ്വദേശി ഷാജഹാന്‍ (49) ഉടമസ്ഥതയിലുള്ള ടൂറിസ്റ്റ് ബസ് തീര്‍ഥാടനത്തിന്റെ ഭാഗമായി യാത്ര ചെയ്ത് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ശാരീരികമായി കൂടുതല്‍ ബുദ്ധിമുട്ടിയ ഷാജഹാനെ രക്ഷാപ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറിലധികം പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇടതുകാലിലും മുഖത്തും ഇടുപ്പിലും ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആര്‍.ടി.സി ബസ് ഓടിച്ചിരുന്ന എച്ച്.ഡി കോട്ട സ്വദേശിയായ വരസിംഗന്‍ (48), കണ്ടക്ടര്‍ മഹേഷ് (52) എന്നിവര്‍ക്കും പരിക്കേറ്റു. വരസിംഗന്റെ ഇടതു കാലിന്റെ എല്ലിന് ക്ഷതമേറ്റിട്ടുണ്ട്.

ഇരു ബസുകളിലുമുണ്ടായിരുന്ന യാത്രക്കാരായ നിഷ (38), ശ്രീജേഷ് (42), ഹുസ്‌ന (15), ഷെറിന്‍ (17), റംഷീന (22), മജീദ് (52), മുഹമ്മദ്കുട്ടി (68), ഹസ്സന്‍ (48), ഹുസൈന്‍ (48), ഖദീജ (62), ആയിഷ (73) തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറുപേരെ വൈനാട് ഗവ. മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സിക്കുകയാണ്. ഗുരുതരമായ പരിക്ക് അനുഭവിച്ച ഹുസൈനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

അപകടത്തെത്തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ സഹായവുമായി എത്തിയതായി അധികൃതര്‍ അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ എസ്.വൈ.എസ്., യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രവര്‍ത്തകസംഘങ്ങള്‍ സജീവമായി ഇടപെട്ടു. ജില്ലാ ഭരണകൂടം അടിയന്തരമായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ ആരോഗ്യനില സ്റ്റേബിളാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags:    

Similar News