കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവാദിത്വം ബാങ്കിന്; നിലപാട് അറിയിക്കാൻ ബാങ്കിന് നോട്ടീസ്

Update: 2025-03-13 06:02 GMT

തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടമായ നിക്ഷേപകര്‍ക്ക് തിരികെ നല്‍കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ബാങ്കിനെ ഏല്‍പ്പിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയ 53 പ്രതികളുടെ സ്വത്ത് കരുവന്നൂര്‍ ബാങ്കിന് കൈമാറുമെന്നും ബാങ്ക് ഇവ ലേലം നടത്തി നിക്ഷേപകര്‍ക്ക് പണം നല്‍കണമെന്നുമാണ് ഇഡി നിലപാട്. ഇക്കാര്യം കാണിച്ചും ഇതിനായി ബാങ്കിന് അനുമതി നല്‍കണമെന്ന് അപേക്ഷിച്ചും എറണാകുളം സിബിഐ കോടതിയില്‍ ഇഡി ഹര്‍ജി നല്‍കി. തട്ടിപ്പിനിരയായത് ബാങ്കാണെന്നും അതിനാല്‍ ബാങ്കിനാണ് പണം കിട്ടേണ്ടതെന്നുമാണ് ഇഡിയുടെ വിശദീകരണം. ഹര്‍ജി പരിഗണിച്ച കോടതി ബാങ്കിന്റെ നിലപാട് അറിയാനായി സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. പ്രതികളാക്കിയ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.

കണ്ടുകെട്ടല്‍-ലേലം കാര്യങ്ങള്‍ ഏറെ സങ്കീര്‍ണവും നിയമപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതുമാണ്.

പണം തിരഹികെ നൽകുന്നതുൾപ്പെടെയുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്താല്‍ ബാങ്ക് വീണ്ടും പ്രതിസന്ധിയിലാകും. കണ്ടുകെട്ടിയ വസ്തുക്കള്‍ ലേലം ചെയ്യണമെങ്കിൽ നിയമപ്രകാരം കേസ് തീര്‍ന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തണം. അതിന് കാലതാമസമുണ്ടാകും. അതിനുമുന്‍പേ ലേലം ചെയ്യണമെങ്കില്‍ വസ്തുക്കളുടെ വിലയ്ക്ക് തുല്യമായ തുക ബാങ്ക് ഗാരന്റിയായി കെട്ടിവെക്കണം. എന്നാൽ 324 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി കണ്ടെത്തിയ കരുവന്നൂര്‍ ബാങ്ക് ഇപ്പോഴും സാമ്പത്തികപ്രതിസന്ധി തരണംചെയ്തിട്ടില്ല. ഇഡി പ്രതികളാക്കിയ 53 പേരില്‍ 13 പേരെമാത്രമാണ് ക്രൈംബ്രാഞ്ച് പ്രതികളാക്കിയതും കേസ് സങ്കീര്‍ണമാക്കും. ഈ സാഹചര്യത്തിൽ ബാങ്കിന്റെ നിലപാട് നിർണായകമാവും.

കണ്ടുകെട്ടിയ 128 കോടിയില്‍ രണ്ടുകോടിയുടേത് പണവും വാഹനങ്ങളുമാണ്. ബാക്കിയുള്ളവ സ്ഥലങ്ങളുമാണ്. കണ്ടുകെട്ടിയ സ്ഥലങ്ങളില്‍ 50 ശതമാനവും ബാങ്കില്‍ ഈടുവെച്ച് വായ്പയെടുത്ത് കുടിശ്ശികയായവയാണ്. ഇവ സ്വന്തമാക്കാന്‍ ബാങ്ക് നല്‍കിയ ഹര്‍ജികള്‍ കോടതികളിലുണ്ട്. ഇവ ഇഡി കണ്ടുകെട്ടിയതായി കാണിച്ച് ബാങ്ക് ഏറ്റെടുത്താല്‍ നിയമപ്രശ്‌നം സങ്കീര്‍ണമാകും. സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ 10 ലക്ഷം വിലവരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. ഇവ ലേലംചെയ്ത് കിട്ടുന്ന തുക നിക്ഷേപകര്‍ക്ക് തിരികെനല്‍കാന്‍ ഡല്‍ഹി അഡ്ജൂഡിക്കേറ്റ് അതോറിറ്റി ഇഡിക്ക് അനുമതിയും നല്‍കിയിരുന്നു. ഇതിനെതിരേ സിപിഎം അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്.

Tags:    

Similar News