ചെറുവത്തൂര്‍ വീരമലയില്‍ നടന്ന മണ്ണിടിച്ചില്‍; ദേശീയപാത അതോറിറ്റിയുടെ അശ്രദ്ധ മൂലം സംഭവിച്ചതെന്ന് ജില്ലാ കളക്ടര്‍; നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണം

Update: 2025-07-24 04:05 GMT

കാസര്‍കോട്: ചെറുവത്തൂര്‍ വീരമലയില്‍ നടന്ന മണ്ണിടിച്ചില്‍ സംഭവം ദേശീയപാത അതോറിറ്റിയുടെ അശ്രദ്ധയുടെ ഉദാഹരണമാണെന്നു ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍. അപകട സാധ്യതയുള്ള ഭാഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ദേശീയപാത അതോറിറ്റി നടപടിയെടുത്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മണ്ണിടിച്ചിലിന് മുന്‍പ് ഡ്രോണ്‍ സര്‍വേ നടത്തിയിരുന്നുവെന്നും, അതില്‍ പാതയില്‍ വിള്ളലുകള്‍ കണ്ടതിനെ തുടര്‍ന്ന് അതിന്റെ റിപ്പോര്‍ട്ട് അതോറിറ്റിക്ക് കൈമാറിയിരുന്നുവെന്നും കളക്ടര്‍ അറിയിച്ചു. അതിനുശേഷം അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും, എന്നാല്‍ അതോറിറ്റി നിലപാട് സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

''പാതയുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത എന്‍എച്ച് അതോറിറ്റിയുടേതാണ്. നിരവധി തവണ ഔദ്യോഗികമായി ആവര്‍ത്തിച്ചിട്ടും കാര്യമായ നടപടിയുണ്ടായില്ല. ഇത് വലിയ അപകടങ്ങള്‍ക്കു വഴിവെക്കുന്നു,'' കളക്ടര്‍ വ്യക്തമാക്കി. വഴിത്തിരിവുകള്‍, വളവുകള്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവയില്‍ ശക്തമായ സുരക്ഷാ നടപടികള്‍ അടിയന്തിരമായി നടപ്പാക്കേണ്ടതുണ്ടെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

Tags:    

Similar News