കേരള പോലീസിന്റെ ഭാഗമായിട്ട് എട്ടുവര്‍ഷവും നാലുമാസവും 17 ദിവസവും; ചാവക്കാട് കൊലപാതകം, ചാലക്കുടി ജൂവലറി കവര്‍ച്ചാ എന്നിവ തെളിയിക്കാന്‍ മുഖ്യ പങ്ക് വഹിച്ചു: കേരള പോലീസ് കെ9 ഡോഗ് സ്‌ക്വാഡിലെ ഹണി ഇനി ഓര്‍മ
തൃശൂര്‍: കേരള പോലീസിന്റെ അഭിമാനമായ പോലീസ് കെ9 ഡോഗ് സ്വകാഡിലെ ഹണി ഇനി ഓര്‍മ. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ലേബര്‍ഡോര്‍ ഇനത്തില്‍ പെട്ട ഹണി കഴിഞ്ഞ ദിവസമാണ് വിട പറഞ്ഞത്. എട്ടുവര്‍ഷം നാലുമാസം 17 ദിവസവുമാണ് ഹണി കേരള പോലീസിന്റെ നിറ സാന്നിധ്യാമായിരുന്നത്. നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ ഹണിയിലൂടെ കേരള പോലീസിന് സാധിച്ചിട്ടുണ്ട്.
തൃശൂര്‍ പൊലീസിന്റെ കീഴിലായിരുന്നു ഹണിയുടെ സേവനം. കുറ്റവാളികളെ പിടികൂടാന്‍ കഴിവു തെളിയിച്ച ഹണി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തനമാരംഭിച്ച തൃശൂര്‍ റൂറല്‍ ഡോഗ് സ്‌കൂളിലെ അംഗമായിരുന്നു. തൂമ്പൂര്‍ പള്ളിക്കേസിലും ചാലക്കുടി ജൂവലറി കവര്‍ച്ചാ കേസ്, ചാവക്കാട് കൊലപാതകം അടക്കമുള്ളവ തെളിയിക്കാന്‍ കാട്ടിയ പ്രകടനം വേറിട്ട തായിരുന്നു. ഹണി കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുന്നതില്‍ മാത്രമല്ല ദുരന്തഭൂമിയിലെ രക്ഷാപ്രവര്‍ത്തനത്തിലും ഹീറോയാണ്. ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്.