സൈക്കോളജി പഠിപ്പിക്കാന്‍ തയ്യാറാകുന്നില്ല; കേരള സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ പരാതി; അപമര്യാദയായി പെരുമാറുകയാണെന്നും ആരോപണം

കേരള സര്‍വകലാശാലാ വിദ്യാര്‍ത്ഥികളുടെ പരാതി

Update: 2025-08-22 08:43 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസില്‍ സൈക്കോളജി വിഭാഗം അധ്യാപകനെതിരെ പി.ജി വിദ്യാര്‍ത്ഥികളുടെ കൂട്ടപ്പരാതി. അധ്യാപകന്‍ ക്ലാസെടുക്കാന്‍ തയ്യാറാവുന്നില്ലെന്നും പരാതി പറയുമ്പോള്‍ അപമര്യാദയായി പെരുമാറുകയാണെന്നും വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മൂന്നാം സെമസ്റ്ററിലെ വിഷയം പഠിപ്പിക്കാന്‍ അധ്യാപകന്‍ തയ്യാറായില്ല. എന്തുകൊണ്ടാണ് പഠിപ്പിക്കാത്തതെന്ന ചോദ്യമുന്നയിച്ചപ്പോള്‍ അധ്യാപകന്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കാനായി മുതിരുകയായിരുന്നു. അസഭ്യവര്‍ഷത്തോടെ അപമര്യാദയായി പെരുമാറിയെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. സൈക്കോളജി വകുപ്പ് മേധാവിക്കും ആഭ്യന്തര പരാതി പരിഹാരസെല്ലിനും കോളേജ് യൂണിയനും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.

കേരള സര്‍വകലാശാലയിലെ അധ്യാപകര്‍ ഇതിനു മുന്‍പും നിരവധി ആരോപണങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. എം.ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ഈയ്യിടെ ഒരു അധ്യാപകനില്‍ നിന്നും നഷ്ടമായിരുന്നു. കേരള സര്‍വകലാശാല എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതില്‍ മുല്യനിര്‍ണയം നടത്തിയ അധ്യാപകന് ഗുരുതര വീഴ്ചയെന്ന് സര്‍വകലാശാല കണ്ടെത്തിയിരുന്നു.

ഉത്തര കടലാസ് നഷ്ടമായത് ബൈക്കില്‍ വരുന്നതിനിടെയാണെന്നും സര്‍വകലാശാലയെ അറിയിക്കാന്‍ വൈകിയെന്നും ആയിരുന്നു കണ്ടെത്തല്‍. മൂന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ 71 വിദ്യാര്‍ഥികളുടെ ഉത്തര കടലാസാണ് നഷ്ടമായത്. വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷ എഴുതണമെന്നായിരുന്നു സര്‍വകലാശാല നല്‍കിയ നിര്‍ദേശം.

Tags:    

Similar News