കാലിനടിയിലെ മണ്ണും ചെരിപ്പും, ബാഗും, കുടയുമെല്ലാം വലിച്ചെടുത്തു; തീഗോളം രൂപപ്പെട്ടു, കാഴ്ച പൂർണ്ണമായും മറഞ്ഞു; ഞെട്ടൽ മാറാതെ കൂറ്റനാട് ചുഴലിക്കാറ്റിൽ അകപ്പെട്ടവർ

Update: 2025-08-15 04:33 GMT

പാലക്കാട്: കൂറ്റനാട് കോതച്ചിറയിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ തൊഴിലുറപ്പ് എഡിഎസ് സതി. വ്യാഴാഴ്ച രാവിലെ 8.45 ഓടെ ചുഴലിക്കാറ്റ് ഉണ്ടായത്. മിന്നൽ ചുഴലിക്കാറ്റിൽ പ്രദേശത്താകെ വൻ നാശനഷ്ടമാണുണ്ടായത്. ഏകദേശം അഞ്ച് മിനിറ്റോളം ചുഴലിക്കാറ്റിൽ അകപ്പെട്ട സതി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ചുഴലിക്കാറ്റടിക്കുമ്പോൾ 22 ഓളം തൊഴിലുറപ്പ് തൊഴിലാളികൾ പ്രദേശത്തുണ്ടായിരുന്നു. ഭയന്നുവിറച്ച് അലറിക്കരഞ്ഞിട്ടും സതിക്ക് ചുഴലിക്കാറ്റിൽ നിന്ന് പുറത്തുകടക്കാൻ സാധിച്ചില്ല. തലയ്ക്ക് മുകളിലൂടെ വൈദ്യുത ലൈനുകൾ കൂട്ടിയിടിച്ച് തീഗോളം രൂപപ്പെട്ടതായും കാഴ്ച പൂർണ്ണമായും മറഞ്ഞ് പോയതായും സതി പറയുന്നു. മറുവശത്ത് ആഴമേറിയ കുളമുണ്ടായിന്നു.

കാലിനടിയിലെ മണ്ണും ചെരിപ്പും, ബാഗും കുടയുമെല്ലാം ചുഴലിക്കാറ്റ് വലിച്ചെടുത്തു. സമീപത്തുണ്ടായിരുന്ന മരങ്ങളുടെ കൊമ്പുകളും ഇതിനോടൊപ്പം ചുഴലിക്കാറ്റിൽ പറന്നുപോയി. നിലത്ത് ജീവൻ രക്ഷിക്കാനായി കിടക്കാൻ ശ്രമിക്കുന്നതിനിടയിൽ ചുഴലിക്കാറ്റ് പതിയെ ദിശമാറി പോയതായും സതി പറഞ്ഞു.

അതേസമയം, കോതച്ചിറ പ്രദേശത്തുണ്ടായ അതിശക്തമായ മിന്നല്‍ച്ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഒരു വീടിന്റെ മേല്‍ക്കൂര പറന്ന്‌പോയി. 5ഓളം ഇലക്ട്രിക് പോസ്‌കുള്‍ മറിഞ്ഞു വീണു. ട്രാന്‍സ്‌ഫോമറും നിലം പൊത്തി. പ്രദേശത്ത് വൈദ്യതി ബന്ധം നിലച്ചു. ചുഴലിക്കാറ്റിൽ അകപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Tags:    

Similar News