നടുറോഡിൽ മാസ്റ്ററിലെ വിജയ് സ്റ്റൈലിൽ ഇടിവള ഊരി മുഖത്തിടി; തല്ലുകൊണ്ട് കെഎസ്ആർടിസി ഡ്രൈവറുടെ നിലവിളി; പരിഭ്രാന്തിയിൽ യാത്രക്കാരും; ആക്രമണ കാരണം കേട്ട് തലയിൽ കൈവച്ച് പോലീസ്
കൊച്ചി: വൈറ്റില ജംഗ്ഷനിൽ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചിരുന്ന ഡ്രൈവർക്ക് നേരെ ലോറി ഡ്രൈവറുടെ അതിക്രമം. ലോറിക്ക് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് പാഴ്സൽ ലോറി ഡ്രൈവറാണ് കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ, പാലക്കാട് സ്വദേശിയായ ലോറി ഡ്രൈവർ ഷിഹാസ് ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വൈറ്റിലയിൽ യാത്രക്കാരെ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്. ഡ്രൈവർമാർ പ്രവേശിക്കുന്ന വാതിലിലൂടെ ബസ്സിനകത്തേക്ക് അതിക്രമിച്ചു കയറിയ ഷിഹാസ്, കെ.എസ്.ആർ.ടി.സി ഡ്രൈവർ റിൻ്റോയെ കഴുത്തിന് പിടിച്ച് ഇടിവള കൊണ്ട് തലങ്ങും വിലങ്ങും മർദ്ദിക്കുകയായിരുന്നു. സിനിമയെ വെല്ലും വിധമായിരുന്നു ഇടി നടന്നതെന്നും കണ്ടുനിന്നവർ പറഞ്ഞു. കണ്ടക്ടറും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും ഷിഹാസ് അവരെയും ആക്രമിക്കാൻ ശ്രമിച്ചു.
കൂട്ടമെത്തിയതോടെ ഷിഹാസ് ബസ്സിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ്സ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഷിഹാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസ്സ് തൻ്റെ ലോറിക്ക് സൈഡ് നൽകിയില്ലെന്നും, ബസ്സ് ഇടിച്ചുകയറി ലോറിയുടെ മിറർ തകർത്തുവെന്നും ഷിഹാസ് പോലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.