ശമ്പളവും ഭക്ഷണവും നല്‍കാതെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു; റിക്രൂട്ടിങ് ഏജന്റ് മര്‍ദിച്ചു: കുവൈത്തില്‍ ജോലി തട്ടിപ്പിന് ഇരയായ നാല് മലയാളി യുവതികളും നാട്ടില്‍ തിരിച്ചെത്തി
ശമ്പളവും ഭക്ഷണവും നല്‍കാതെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ടു; റിക്രൂട്ടിങ് ഏജന്റ് മര്‍ദിച്ചു: കുവൈത്തില്‍ ജോലി തട്ടിപ്പിന് ഇരയായ നാല് മലയാളി യുവതികളും നാട്ടില്‍ തിരിച്ചെത്തി
കുവൈത്ത് സിറ്റി: വ്യാജ വാഗ്ദാനം നല്‍കി ജോലിക്കായി കുവൈത്തില്‍ എത്തിച്ച ശേഷം ശമ്പളവും ഭക്ഷണവും നല്‍കാതെ ഫ്‌ലാറ്റില്‍ പൂട്ടിയിട്ട നാല് മലയാളി യുവതികളും നാട്ടില്‍ തിരിച്ചെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ദീപ അജികുമാര്‍, തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നളിനി, വൈക്കം സ്വദേശി ലേഖ ബിനോയ്, കൊല്ലം ഓയൂര്‍ കാറ്റാടി സ്വദേശി ഇന്ദുമോള്‍ എന്നിവരാണ് തിരിച്ചെത്തിയത്.
കുവൈത്തില്‍ എത്തിയ നാലു പേരും ജോലിയില്‍ പ്രവേശിച്ചെങ്കിലും ശമ്പളം നല്‍കിയിരുന്നില്ല. റിക്രൂട്ടിങ് ഏജന്റ് മര്‍ദിച്ചതിനാല്‍ ദീപ അവശനിലയിലാണ്. നാലു മാസത്തെ ശമ്പളം നല്‍കാതെ നാലു പേരെയും രഹസ്യമായി നാട്ടിലേക്ക് അയയ്ക്കുകയായിരുന്നു. ശാരീരിക, മാനസിക പീഡനത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിക്രൂട്ടിങ് ഏജന്റുമാര്‍ക്കും ഇടനിലക്കാര്‍ക്കുമെതിരെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും നോര്‍ക്കയ്ക്കും പരാതി നല്‍കുമന്ന് ദീപയും ഇന്ദുമോളും പറഞ്ഞു.
മോശം തൊഴില്‍ സാഹചര്യത്തെക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ 2 ലക്ഷം രൂപയാണ് ഏജന്റ് ആവശ്യപ്പെട്ടത്. സ്വന്തം തീരുമാനമനുസരിച്ചാണു പോകുന്നതെന്നും ശമ്പള കുടിശ്ശികയോ പരാതിയോ ഇല്ലെന്ന് എഴുതിവാങ്ങുകയും ചെയ്തിരുന്നു.