റോഡിലൂടെ ശരവേഗത്തിൽ കുതിച്ച ആനവണ്ടി; വന്ന വരവ് കണ്ട് പലരും കുതറിമാറി; തട്ടി..തട്ടിയില്ല എന്ന അവസ്ഥ; ദൃശ്യങ്ങൾ പുറത്തുവന്നതും ഡ്രൈവർക്ക് എട്ടിന്റെ പണി
മലപ്പുറം: അമിതവേഗതയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓടിക്കുകയും ട്രാഫിക് പൊലീസിന്റെ നിർദ്ദേശങ്ങൾ അവഗണിക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പാലക്കാട് കോങ്ങാട് സ്വദേശിയായ വിനോദ് കുമാറിൻ്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത്.
കഴിഞ്ഞമാസം 25-ന് പെരിന്തൽമണ്ണ താഴെക്കോട് വെച്ചായിരുന്നു സംഭവം. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർത്ഥികളുടെ സമീപത്തുകൂടി അമിതവേഗതയിൽ കെ.എസ്.ആർ.ടി.സി. ബസ് ഓടിച്ചുപോകുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയാണ് ഡ്രൈവർക്കെതിരെ നടപടിയുണ്ടായത്.
നിരപരാധികളായ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അധികൃതർ അറിയിച്ചു. ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കാത്തവർക്ക് ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.