ഉത്സവത്തിരക്കിനിടെ കുഞ്ഞിന്റെ മാല പൊട്ടിച്ച് യുവതി; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ മാല വലിച്ചെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമം; തമിഴ്നാട് സ്വദേശിനിയെ പിടികൂടി നാട്ടുകാർ
തൃശൂർ: അരിമ്പൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ സ്വർണമാല കവർന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയെ നാട്ടുകാർ ഓടിച്ച് പിടികൂടി. മാല കവരുന്നതിനിടെ കുഞ്ഞിന്റെ കഴുത്തിന് മുറിവേറ്റു. തമിഴ്നാട് സ്വദേശിനി പളനി അമ്മാളാണ് നാട്ടുകാരുടെ പിടിയിലായത്. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്രപരിസരത്ത് വലിയ തിരക്കുണ്ടായിരുന്ന രാത്രി ഏഴുമണിയോടെയാണ് സംഭവം.
തൃശൂർ പേരാമംഗലം സ്വദേശികളായ കുടുംബം കുഞ്ഞുമൊത്താണ് അരിമ്പൂർ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയിരുന്നത്. മാല പൊട്ടിച്ചെടുത്ത ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബഹളം കേട്ടെത്തിയ നാട്ടുകാർ പിന്തുടരുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെ യുവതി മാല സമീപത്തെ കടയിലേക്ക് വലിച്ചെറിഞ്ഞെങ്കിലും, നാട്ടുകാർ ചേർന്ന് പിടികൂടി അന്തിക്കാട് പോലീസിന് കൈമാറി.
കുഞ്ഞിന്റെ മാതാപിതാക്കളുടെ പരാതിയിൽ അന്തിക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്ര ഉത്സവങ്ങളുടെ മറവിൽ മോഷണം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ യുവതിയെന്ന് പോലീസ് പറയുന്നു. ഇവരുടെ കൂട്ടാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.