ചന്ദ്രഗ്രഹണം; ഗുരുവായൂരും ശബരിമലയും ക്ഷേത്രനട നേരത്തെ അടയ്ക്കും; ഉച്ചയ്ക്ക് 3.30ന് തുറക്കും
തൃശൂര്‍: ഇന്ന് നടക്കുന്ന ചന്ദ്രഗ്രഹണത്തെ തുടര്‍ന്ന് ഗുരുവായൂരും ശബരിമലയും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രാത്രി 9.30ഓടെ നട അടയ്ക്കുമെന്ന് ദേവസ്വം അറിയിച്ചു. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നിവ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പ് തന്നെ പ്രസാദം കൈപ്പറ്റണമെന്ന് നിര്‍ദ്ദേശം. അടുത്ത ദിവസം രാവിലെ പ്രസാദം വിതരണം ഉണ്ടാകില്ലെന്നും വ്യക്തമാക്കി.
ഓണാഘോഷത്തോടനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനമായ ഇന്നും ശബരിമലയില്‍ നട നേരത്തെ അടയ്ക്കും. രാത്രി 8.50ന് ഹരിവരാസനം പാടിയ ശേഷം 9 മണിക്ക് നട അടയ്ക്കുമെന്ന് താന്ത്രിക നിര്‍ദ്ദേശമനുസരിച്ചുള്ള സമയക്രമത്തില്‍ അറിയിച്ചു.
ഓണത്തിനോടനുബന്ധിച്ച് ഗുരുവായൂരില്‍ ഇന്ന് ദര്‍ശനസമയം ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ക്ഷേത്രനട ഉച്ചയ്ക്ക് 3.30ന് തുറക്കുമെന്നും രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് 2 വരെ വി.ഐ.പി./സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം തുടരുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.