കട്ടപ്പനയിൽ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി; പാഴ്‌സലാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഉടമയുടെ അനുരഞ്ജന ശ്രമം; നഗരസഭയിലെത്തി പരാതി നൽകി ദമ്പതികൾ
ഇടുക്കി: കട്ടപ്പനയിൽ ഹോട്ടലിൽ വിളമ്പിയ ഭക്ഷണത്തിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. കട്ടപ്പനയിലെ മഹാരാജാ ഹോട്ടലിൽ വിളമ്പിയ കപ്പബിരിയാണിയിൽ നിന്നാണ് പുഴുവിനെ കിട്ടിയത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവമുണ്ടായത്. തുടർന്ന് ആഹാരത്തിൽ പുഴുവിനെ കണ്ടെത്തിയ ദമ്പതികൾ ഇന്ന് രാവിലെയാണ് നഗരസഭയിലെത്തി പരാതി നൽകി.
പുഴുവിനെ കണ്ടെത്തിയ ഭക്ഷണം പാഴ്‌സലായി നൽകാൻ ആവശ്യപ്പെട്ടെങ്കിലും ഹോട്ടൽ ജീവനക്കാർ നിരസിച്ചതായി പരാതിക്കാർ പറയുന്നു. കാഞ്ചിയാർ സ്വദേശികളായ ദമ്പതികൾ ഹോട്ടലിലെത്തി കപ്പബിരിയാണി ഓർഡർ ചെയ്തത്. ആഹാരം കഴിക്കുന്നതിനിടെ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് വീഡിയോ എടുക്കാൻ ശ്രമിച്ചപ്പോൾ ജീവനക്കാരെത്തി തടയുകയായിരുന്നു. ശേഷം ഭക്ഷണം തിരികെയെടുത്തുകൊണ്ട് പോവുകയും ചെയ്തു.
ഭക്ഷണം പാഴ്‌സലായി നൽകാൻ ആവശ്യപ്പെട്ടപ്പോൾ സംഭവം ഒത്തുതീർപ്പാക്കാൻ ഉടമ ശ്രമിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി.
ഏതാനും ആഴ്‌കൾക്ക് മുൻപ് പ്രദേശത്തെ രണ്ട് ഹോട്ടലുകളിൽ സമാനമായ സംഭവം റിപ്പോർട് ചെയ്തിരുന്നു. പുഴുവരിച്ച ഭക്ഷണം വിളമ്പിയതായി പരാതി ഉയർന്നതോടെ നഗരസഭ നടപടിയുമായി മുന്നോട്ടു പോകവെയാണ് പുതിയ പരാതി എത്തുന്നത്.