മകരവിളക്ക് കണ്ട് തൊഴുത് ഇറങ്ങുന്ന അയപ്പ ഭക്തരെ സുരക്ഷിതമായി വീടുകളിലെത്തിക്കാൻ ദേ.. ആനവണ്ടികൾ റെഡി; മടക്കയാത്രക്ക് പമ്പയിൽ നിന്നും 1,000 കെഎസ്ആർടിസി ബസുകൾ
പത്തനംതിട്ട: ശബരിമല മകരവിളക്ക് മഹോത്സവത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് മടക്കയാത്രയ്ക്കായി പമ്പയിൽ നിന്ന് 1000 കെഎസ്ആർടിസി ബസുകൾ ക്രമീകരിച്ചതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ അറിയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മകരവിളക്ക് ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർക്കായി ഇത്രയധികം ബസുകൾ കെഎസ്ആർടിസി സജ്ജമാക്കുന്നത്. വിപുലമായ മുന്നൊരുക്കങ്ങളാണ് കോർപ്പറേഷൻ ഇതിനായി നടത്തിയിട്ടുള്ളത്.
നിലവിൽ പമ്പയിൽ 204 ബസുകളാണ് ചെയിൻ സർവീസ്, ദീർഘദൂര സർവീസുകൾ, പാർക്കിംഗ് സർക്കുലർ സർവീസുകൾ എന്നിവയ്ക്കായി ഉപയോഗിച്ചുവരുന്നത്. ഇതിനുപുറമെ പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എരുമേലി, കുമിളി, കൊട്ടാരക്കര, പുനലൂർ, എറണാകുളം എന്നിവിടങ്ങളിലെ സ്പെഷ്യൽ സെന്ററുകളിൽ നിന്നായി 248 ബസുകളും സർവീസ് നടത്തുന്നുണ്ട്. ഈ ബസുകൾക്ക് പുറമെയാണ് മകരവിളക്ക് ദിവസം 548 ബസുകൾ കൂടി പ്രത്യേക സർവീസിനായി എത്തിക്കുന്നത്. മകരജ്യോതി ദർശനത്തിനുശേഷം തീർത്ഥാടകരെ നിലയ്ക്കലിൽ എത്തിക്കുന്നതിനും തുടർന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ദീർഘദൂര യാത്രയ്ക്കുമായാണ് ഈ ബസുകൾ ക്രമീകരിച്ചിരിക്കുന്നത്.
മകരവിളക്ക് മഹോത്സവത്തിനായി സന്നിധാനത്ത് ശുദ്ധിക്രിയകൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.50-ഓടെയാണ് മകരസംക്രമ പൂജകൾക്ക് തുടക്കമാവുക. സന്നിധാനത്ത് തീർഥാടകർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം. ഏകദേശം ഒന്നരലക്ഷത്തോളം പേർ മകരവിളക്ക് ദർശനത്തിനെത്തുമെന്നാണ് കണക്കാക്കുന്നത്.