വർഷങ്ങളായി മരുഭൂമി നാട്ടിൽ ഡ്രൈവറായി ജോലി; രോഗം ബാധിച്ച് കഴിഞ്ഞ മാസം നാട്ടിൽ വന്ന പ്രവാസി മലയാളി മരിച്ചു; വേദന താങ്ങാൻ കഴിയാതെ കുടുംബം
കണ്ണൂർ: സൗദി അറേബ്യയിലെ യാംബുവിലെ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി ചെറിയാണ്ടീലകത്ത് അബ്ദുൽ സലാം (49) തിങ്കളാഴ്ച രാവിലെ നാട്ടിൽ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഒരു പതിറ്റാണ്ടിലേറെയായി യാംബുവിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബ്ദുൽ സലാം. നേരത്തെ എക്സിറ്റ് വിസയിൽ നാട്ടിൽ പോയിരുന്ന ഇദ്ദേഹം, 10 മാസം മുമ്പാണ് പുതിയ വിസയിൽ തിരികെയെത്തിയത്. ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് രണ്ടു മാസത്തെ അവധിയിൽ വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങിയത്.
പരേതരായ അബ്ദുല്ല - ആമിന ദമ്പതികളുടെ മകനാണ്. ചുഴലി ബി.ടി.എം ഇംഗ്ലീഷ് സ്കൂൾ അധ്യാപിക ഹസീനയാണ് ഭാര്യ. അൻസാഫ്, ഹൈറ എന്നിവർ മക്കളാണ്. അഷ്‌റഫ്, റഫീഖ്, അസ്മ, മറിയം, നസീമ, നസീറ, സുലൈഖ, റഫീന എന്നിവർ സഹോദരങ്ങളാണ്. ദീർഘകാലം പ്രവാസിയായി കുടുംബത്തിന് താങ്ങും തണലുമായിരുന്ന അബ്ദുൽ സലാമിന്റെ വിയോഗം നാടിനും പ്രവാസി സമൂഹത്തിനും വേദനയായി.