നുണ പറയുന്നതില്‍ അസാധാരണ കഴിവ്; പ്രതിപക്ഷ നേതാവിനെതിരെ പി രാജീവ്

Update: 2026-03-31 06:50 GMT

കൊച്ചി: നുണ പറയുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് അസാധാരണ കഴിവെന്ന് മന്ത്രിയും കളമശ്ശേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി രാജീവ്. നുണ മാത്രം പറയുന്ന സതീശനും പ്രതിപക്ഷത്തിനും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഭയമാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. ഗെയില്‍ പൈപ്പ്ലൈന്‍, വിഴിഞ്ഞം തുടങ്ങിയ പദ്ധതികളെ സംബന്ധിച്ച് യുഡിഎഫ് ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭയില്‍ ഈ കാര്യങ്ങള്‍ വസ്തുതകള്‍ നിരത്തി വ്യക്തമാക്കിയപ്പോള്‍ മറുപടിയില്ലാതെ നിശബ്ദനായി ഇരുന്ന സതീശന്‍, പുറത്തുവന്ന് അതേ നുണകള്‍ വീണ്ടും ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. വികസന നയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം ശബരിമല പോലുള്ള വിവാദങ്ങള്‍ കുത്തിപ്പൊക്കി വോട്ട് നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വയനാടിന് വേണ്ടി പിരിച്ചെടുത്ത തുകയെക്കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവോ കെപിസിസി പ്രസിഡന്റോ തയ്യാറായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ പേരില്‍ പോലും പണം തട്ടുന്ന നിലയിലേക്ക് കോണ്‍ഗ്രസ് മാറിയെന്നും നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച രേഖകളില്‍ ഈ തുക കാണാനില്ലെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തില്‍ നടപ്പിലാക്കിയ 'ഒപ്പം' പദ്ധതിയിലൂടെ ജനങ്ങളുമായി വലിയൊരു ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട് സ്‌നേഹവീട്, കൃഷിക്കൊപ്പം, യുവതക്കൊപ്പം, ആശമാര്‍ക്കൊപ്പം തുടങ്ങിയ പദ്ധതികള്‍ ഓരോ കുടുംബത്തെയും സ്പര്‍ശിച്ചിട്ടുണ്ടെന്നും പ്രചാരണ വേളയില്‍ ലഭിക്കുന്ന സ്വീകാര്യത ഇതിന്റെ തെളിവാണെന്നും പി രാജീവ് പറഞ്ഞു.

Similar News