പത്തുവര്‍ഷത്തിനിടെ ഐടി രംഗത്ത് മാത്രം 70,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു; വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സംസ്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം: മുഖ്യമന്ത്രി

Update: 2026-03-31 06:55 GMT

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായമാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്ഷിപ്പ്‌മെന്റ് രംഗത്ത് വലിയ സാധ്യതകളാണ് വിഴിഞ്ഞം തുറമുഖം തുറന്നുനല്‍കുന്നതെന്നും വിദേശ തുറമുഖങ്ങളെ ആശ്രയിച്ചിരിക്കുന്ന കണ്ടെയ്‌നര്‍ ഗതാഗതം നമ്മുടെ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ദീര്‍ഘകാല അടിത്തറ പകരുന്ന അടിസ്ഥാന സൗകര്യ പദ്ധതിയാണ് വിഴിഞ്ഞം. വിഴിഞ്ഞം പദ്ധതി തൊഴില്‍ സാധ്യത, വ്യവസായ നിക്ഷേപങ്ങള്‍ തുടങ്ങിയവ വര്‍ധിപ്പിക്കും. 2020 മുതല്‍ പദ്ധതിക്ക് നല്ല പുരോഗതി കൈവരിക്കാനായി. 2028ല്‍ നാല് ഘട്ടങ്ങളും പൂര്‍ത്തിയക്കാനുമുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ എത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി തുടങ്ങിയ വലിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഈ പദ്ധതി മുന്നോട്ടുപോയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കള്‍ക്കായി ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ആഗോള സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ പദ്ധതി സഹായിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖം ഇതിനകം തന്നെ വലിയ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് നേട്ടങ്ങള്‍ക്ക് പുറമെ, 125 കോടി രൂപ സംസ്ഥാനത്തിന് വരുമാനമായി ലഭിച്ചു എന്നത് പദ്ധതിയുടെ വലിയ വിജയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഐടി മേഖലയിലും ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനത്തിലും കേരളം വലിയ മുന്നേറ്റം നടത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. ഈ വികസന പാത തുടരണമോ എന്നതാണ് ഈ ഘട്ടത്തില്‍ തീരുമാനിക്കാനുള്ളതെന്നും, അതില്‍ ശരിയായ നിലപാട് തന്നെ ജനങ്ങള്‍ സ്വീകരിക്കുമെന്ന് ഉറച്ച പ്രതീക്ഷയുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഐടി രംഗത്ത് മാത്രം 70,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. ഐടി വികസനത്തിന് വലിയ സാധ്യതകളാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നേട്ടങ്ങളും വികസനങ്ങളും കേരളത്തിലെ ഓരോ ജനങ്ങളും മനസിലാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Similar News