നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും; മരടിലെ സംഭവത്തില്‍ ദുരൂഹത അകറ്റാന്‍ പോലീസ്
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി പറഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.
അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.