ഭാരത് ബെൻസിന്റെ കൂറ്റൻ ടിപ്പർ ഒരു വശം പൂർണമായും മറിഞ്ഞ് കാറിന് മുകളിൽ കിടക്കുന്ന അതിഭീകര കാഴ്ച; വണ്ടിയുടെ ടയർ പൊട്ടിയുള്ള അപകടത്തിൽ നിന്ന് കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം
തിരുവനന്തപുരം: ആക്കുളത്ത് ടയർ പൊട്ടി നിയന്ത്രണം വിട്ട ടിപ്പർ ലോറി കാറിന് മുകളിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ശ്രീകാര്യം സ്വദേശി ഡോക്ടർ മിലിന്ദും അദ്ദേഹത്തിന്റെ രണ്ടു സഹോദരങ്ങളും പരിക്കുകളേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
എം-സാൻഡുമായി കുളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ പിൻഭാഗത്തെ ടയർ പൊട്ടിയതിനെത്തുടർന്ന് നിയന്ത്രണം വിട്ട വാഹനം വലതുഭാഗത്തേക്ക് നീങ്ങുകയും കാറിന് മുകളിലേക്ക് മറിയുകയുമായിരുന്നു. ഇതോടെ ടിപ്പറിലുണ്ടായിരുന്ന മണൽ പൂർണ്ണമായും കാറിന് മുകളിലേക്ക് പതിച്ചു.
അപകടവിവരമറിഞ്ഞ് ഉടൻതന്നെ ചാക്കയിൽനിന്ന് അഗ്നിശമനസേനയും തുമ്പ പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആളപായമൊന്നുമില്ലാതെ എല്ലാവരും രക്ഷപ്പെട്ടത് വലിയ ആശ്വാസമായി.