ക്രിസ്മസ് രാത്രി വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി മോഷണം; തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 71 പവന്‍ സ്വര്‍ണം കവര്‍ന്നു; പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 71 പവന്‍ സ്വര്‍ണം കവര്‍ന്നു

Update: 2025-12-26 12:55 GMT

തിരുവനന്തപുരം: ക്രിസ്മസ് രാത്രി വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് വീട് കുത്തിത്തുറന്ന് 71 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കാട്ടാക്കട കട്ടയ്‌ക്കോട് കൊറ്റംകുഴി തൊഴുക്കല്‍കോണം ഷൈന്‍ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വൈകിട്ട് ആറ് മണിയോടെയാണ് ഷൈന്‍ കുമാറും കുടുംബവും വീടിനടുത്തുള്ള പള്ളിയില്‍ പോയത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെ ഷൈന്‍ കുമാറിന്റെ ഭാര്യ അനുഭ വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തുള്ള പ്രധാന വാതിലിന് അടുത്തുള്ള മറ്റൊരു വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ബന്ധുക്കളെ പള്ളിയില്‍ നിന്നും വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാര ഉള്‍പ്പെടെ കുത്തിത്തുറന്നതായും ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായും അറിയുന്നത്.

അലമാരയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ ബ്രേസ്ലെറ്റ്, വള, മോതിരം, നെക്ലസ് ഉള്‍പ്പെടെയുള്ള71 ലധികം പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. അനുഭയുടെ സഹോദരിയും ഭര്‍ത്താവും സ്ഥലത്തില്ലാത്തതിനാല്‍ അവരുടെ സ്വര്‍ണവും ഉള്‍പ്പെടെ ഷൈന്‍ കുമാറിന്റെ വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. വീട്ടിലെ വൈദ്യുതി വിഛേദിക്കാന്‍ ഫ്യൂസ് ഊരി മാറ്റിയിട്ടുണ്ട്.

അലമാര ഉള്‍പ്പെടെ പൂട്ടുണ്ടായിരുന്ന എല്ലാം കുത്തിത്തുറന്നിട്ടുണ്ട്. വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളാകെ വീടിനുള്ളില്‍ വാരി പുറത്തിട്ട സ്ഥിതിയിലായിരുന്നു. മുന്നിലെ പ്രധാന വാതില്‍ കുത്തിപ്പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. കാട്ടാക്കട പോലീസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥസംഘം എത്തി തെളിവെടുത്തു. ഫോറന്‍സിക് പരിശോധനയും നടത്തി. റൂറല്‍ ജില്ലാ പോലീസ് മേധാവി സുദര്‍ശന്‍ മോഷണം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

Tags:    

Similar News