സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി; യുവതിയില്‍ നിന്നും തട്ടിയെടുത്തത് 105 പവനും എട്ട് ലക്ഷം രൂപയും; മുങ്ങിയ ആന്‍ഡ്രൂസിനെ പിടികൂടി പോലീസ്

105 പവനും എട്ട് ലക്ഷം രൂപയും തട്ടി ആൻഡ്രൂസ് മുങ്ങി

Update: 2024-10-14 05:49 GMT

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 105 പവനും 8 ലക്ഷം രൂപയും തട്ടിയെടുത്തെന്ന കേസിലെ പ്രതി അറസ്റ്റില്‍. പൂജപ്പുര പൊലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പുല്ലുവിള സ്വദേശിയും കോട്ടയം കുമാരനെല്ലൂര്‍ ഡിസല്‍ ഹോംസ് ഡിഡി മജിസ്റ്റികില്‍ വാടകയ്ക്ക് താമസിക്കുന്ന ആന്‍ഡ്രൂസ് സ്പെന്‍സര്‍ (40) ആണ് അറസ്റ്റിലായത്. തിരുമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.

വിവാഹമോചനം നേടിയ യുവതിയുമായി സമൂഹ മാദ്ധ്യമത്തിലൂടെയാണ് ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയ ശേഷം വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച ഇയാള്‍, പലപ്പോഴായി പരാതിക്കാരിയുടെ 105 പവന്‍ സ്വര്‍ണവും എട്ടുലക്ഷം രൂപയും കൈക്കലാക്കി. അന്വേഷണത്തില്‍ പ്രതിക്ക് ഭാര്യയും കുട്ടിയുമുള്ളതായി പൊലീസ് കണ്ടെത്തി.

പ്രതി ഇത്തരത്തില്‍ പല യുവതികളില്‍ നിന്നായി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്ത സമയത്ത് ആറുലക്ഷം തട്ടിയെടുത്ത കേസിലും പ്രതിയാണ്.

കന്റോണ്‍മെന്റ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൂജപ്പുര പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജിമോന്‍.പി, സബ് ഇന്‍സ്പെക്ടര്‍മാരായ അഭിജിത്ത്, സുധീഷ്, സന്തോഷ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉണ്ണികൃഷ്ണന്‍, അനുരാഗ്, ഉദയന്‍, വിനോദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Tags:    

Similar News