വയലിന് അരികില്‍ നിന്നത് ചാക്കുകെട്ടുമായി; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം; പിടികൂടി നോക്കിയപ്പോള്‍ ചാക്കിനുള്ളില്‍ മൂന്നു കിലോ കഞ്ചാവ്; സ്ഥിരം കഞ്ചാവ് കേസ് പ്രതി അറസ്റ്റില്‍
വയലിന് അരികില്‍ നിന്നത് ചാക്കുകെട്ടുമായി; പോലീസിനെ കണ്ടപ്പോള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമം
കോന്നി: കഞ്ചാവ് കൈവശം വച്ചതിന് നേരത്തെ കേസുകളുള്ള യുവാവിനെ മൂന്നേകാല്‍ കിലോയോളം കഞ്ചാവുമായി കൂടല്‍ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഏലിയാമൂല മഞ്ഞപ്പുഴകോണ്‍ തണ്ണീര്‍പന്തലില്‍ വീട്ടില്‍ രാജന്‍(37) അറസ്റ്റിലായത്.
വയലരികില്‍ നിന്നും മഞ്ഞനിറത്തിലുള്ള ചാക്കിനുളില്‍ 3 പൊതികളാക്കി സൂക്ഷിച്ച ഏകദേശം 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ് 16 ന് വൈകിട്ട് 5.45 നാണ് കണ്ടെത്തിയത്. കോന്നി ഡി വൈ എസ് പി എസ് അജയ്നാഥിന്റെ മേല്‍നോട്ടത്തില്‍ കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി എല്‍ സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടികള്‍.എസ് ഐ ആര്‍ അനില്‍ കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
വിശ്വാസയോഗ്യമായ വിവരം ലഭിച്ചതുപ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചാക്കില്‍ സൂക്ഷിച്ചനിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന രാജന്‍ പോലീസിനെ കണ്ട് ഓടിപ്പോകാന്‍ ശ്രമിച്ചു. തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്തപ്പോള്‍ സെല്ലോഫൈന്‍ ടേപ്പ് ഒട്ടിച്ച നിലയില്‍ കഞ്ചാവ് മൂന്ന് പൊതികളിലായി സൂക്ഷിച്ചതായി കാണപ്പെട്ടു. പോലീസ് സംഘം ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വില്‍പ്പനക്കായി കൈവശം വച്ചതാണെന്ന് സമ്മതിച്ചു.
പത്തനാപുരത്തുള്ള ഒരാളുടെ നിര്‍ദേശപ്രകാരം ആര്യങ്കാവിനടുത്ത് സ്‌കൂട്ടറിലെത്തി രണ്ട് ദിവസം മുമ്പ് ഓട്ടോറിക്ഷയില്‍ വന്ന മൂന്ന് പേരില്‍ നിന്നും 25,000 രൂപയ്ക്ക് വാങ്ങിയതാണെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് നിയമനടപടികള്‍ക്ക് ശേഷം 6.50 ന് അറസ്റ്റ് ചെയ്തു. വൈദ്യപരിശോധനക്ക് വിധേയനാക്കിയ പ്രതിയെ സ്റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് അറിയിച്ചു. ലഹരിവസ്തുക്കള്‍ക്കെതിരായ പോലീസ് നടപടി ജില്ലയില്‍ ശക്തമായി തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.