മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം; എറണാകുളം വഞ്ചി സ്ക്വയറില്‍ ഇന്ന് മുല്ലപ്പെരിയാര്‍ ജന സംരക്ഷണസമിതിയുടെ കൂട്ട ഉപവാസം: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം; കൂട്ട ഉപവാസം ഇന്ന്
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഏറണാകുളത്ത് ഇന്ന് മുല്ലപ്പെരിയാര്‍ ജന സംരക്ഷണസമിതിയുടെ കൂട്ട ഉപവാസം. എറണാകുളം വഞ്ചി സ്ക്വയറില്‍ നടക്കുന്ന കൂട്ട ഉപവാസ സമരം രാവിലെ 10 ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണമെന്നും 40 ലക്ഷത്തിലധികം ജീവനുകള്‍ സംരക്ഷിക്കണമെന്നുമാണ് സമിതിയുടെ ആവശ്യം.
സമാപന സമ്മേളനം എസ് എന്‍ ഡി പി യോഗം അസി. സെക്രട്ടറി തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അബ്ദുള്‍ കരിം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം എം.എസ് മോഹനന്, ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന് ദേശീയ പ്രസിഡന്റ് ഡോ. രാജീവ് രാജധാനി, സി എസ് ഐ സഭാ സെക്രട്ടറി ടി.ജെ ബിജോയ്, സ്വാമി അയ്യപ്പദാസ്, ഉസ്താദ് റഫീഖ് അഹമ്മദ്, ഉസ്താദ് അബ്ദുള്‍ അസീസ്, ആള് ഇന്ത്യ കിസാന്‍ സഭ വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ്, ആക്റ്റ്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ജോസ് ജേക്കബ്, ഫാ.ഏലിയാസ് ചെറുകാട്ട്, ചലച്ചിത്ര സംവിധായകന് കെ.ബി മധു, കോര്‍ എപ്പിസ്കോപ്പ ഫാ.സ്ലീബാ പോള്‍ വട്ടവേലില്‍, പാസ്റ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് പാസ്റ്റര്‍ തോംസണ്‍ ജോഷ്വാ, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, അഡ്വ. സക്കറിയ കാരുവേലി എന്നിവര്‍ പ്രസംഗിക്കും.
129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ അപകടാവസ്ഥ അന്താരാഷ്ട്ര ഏജന്‍സി പരിശോധിക്കണമെന്നും കേരളത്തിന്റെ താത്പര്യത്തിനെതിരായി റിപ്പോര്‍ട്ട് നല്കിയ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവ വകുപ്പ് ചീഫ് എന്‍ജീനീയര്‍ എന്നീ മേല്‍നോട്ട സമിതി അംഗങ്ങളെ പിരിച്ചു വിടണമെന്നും ജന സംരക്ഷണ സമിതി ചെയര്മാന് അഡ്വ. റോയ് വാരിക്കാട്ട് ആവശ്യപ്പെട്ടു. ആമ്പല്‍ ജോര്‍ജ്, അഡ്വ. ജെയിംസ് മാനുവല്‍, ഉസ്താദ് ഖാലിദ് സഖാഫി, ഉസ്താദ് യൂസഫ് സഖാഫി, സി.എ ജോയി, പി.ജി സുഗുണന്, സാജു തറനിലം, റെജിമോന് എ.എം, ദയ വിനോദ്,കെ. പ്രഘോഷ് രാജ്, എമില്‍ ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.