മലപ്പുറത്ത് വൻ ലഹരിവേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ

Update: 2025-08-19 10:20 GMT

മലപ്പുറം: വേങ്ങര കൂരിയാട് ദേശീയപാതയിലെ അടിപ്പാതയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 54.08 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി. പറമ്പിൽ പീടിക സ്വദേശി ആഷിക് (33), കുന്നുംപുറം സ്വദേശികളായ സുധിൻ ലാൽ (23), അക്ഷയ് (23) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ആന്റി നർക്കോട്ടിക് സംഘവും ഡാൻസാഫും വേങ്ങര പോലീസും സംയുക്തമായി തിങ്കളാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ രണ്ടര ലക്ഷം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് ഒരു ലക്ഷത്തി അയ്യായിരം രൂപയും വിൽപ്പനയ്ക്ക് ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ ആഷിക്കിനെ 2021-ൽ കോഴിക്കോട് പോലീസ് രാസലഹരിയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വിൽപ്പനയിൽ സജീവമാകുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.

മലപ്പുറം ഡിവൈഎസ്പി കെ.എം. ബിജു, നാർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ബി എന്നിവരുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ സബ് ഇൻസ്പെക്ടർ ജസ്റ്റിൻ, വേങ്ങര പോലീസ് ഇൻസ്പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സ്മിത, ബിന്ദു സെബാസ്റ്റ്യൻ, സുനൂപ്, ധനേഷ്, ദിനേഷ്, മുഹമ്മദ് സലീം, ജസീർ, ആസിഫലി, ബിജു പ്രശാന്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ജില്ലയിലെ ലഹരിമരുന്ന് ശൃംഖലയെ ലക്ഷ്യമിട്ടുള്ള പരിശോധനകൾ ശക്തമാക്കിയതായി പോലീസ് വ്യക്തമാക്കി.

Tags:    

Similar News