ബാംഗ്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ലഹരിമരുന്ന് കടത്താൻ ശ്രമം; എക്സൈസിന്റെ പരിശോധനയിൽ യുവാവ് അറസ്റ്റിൽ; പിടിച്ചെടുത്തത് 21 ഗ്രാം എംഡിഎംഎ
കണ്ണൂർ: ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് സ്വകാര്യ ബസിൽ വരികെയായിരുന്ന യുവാവിൽ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തു. കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലായിരുന്നു സംഭവം. യുവാവിനെ എക്സൈസുകാർ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽ നിന്നും 21 ഗ്രാം എംഡിഎംഎ യാണ് പിടിച്ചെടുത്തത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കണ്ണൂർ ചേലോറ സ്വദേശി റഹീസ് (37) ആണ് അറസ്റ്റിലായത്. പത്ത് വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രജിത്ത് സിയും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ചെക്ക് പോസ്റ്റിൽ പരിശോധന നടത്തിയത്. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ലത്തീഫ് കെ.പി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശികുമാർ കെ, പ്രിവന്റീവ് ഓഫീസർ സി.എം ജെയിംസ്, പ്രിവന്റീവ് ഓഫീസർ ശ്രീനാഥ് പി, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു എൻ.സി, റിജു.എ.കെ, സുബിൻ എം, ധനുസ് പൊന്നമ്പത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രേയ മുരളി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോജൻ പി.എ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.