കാറിന്റെ വരവിൽ തന്നെ സംശയം; പിടിച്ചുനിർത്തി പരിശോധിച്ചപ്പോൾ മുഴുവൻ 'ഗോവ' ടച്ച്; എക്സൈസിന്റെ വലയിൽ കുടുങ്ങിയത് ജിജോ

Update: 2026-02-21 00:18 GMT

കൊല്ലം: വിവിധ ജില്ലകളിൽ വിൽപ്പന  നടത്താൻ ഗോവയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 43.5 ലിറ്റർ ഗോവൻ മദ്യവുമായി ഒരാൾ കരുനാഗപ്പള്ളിയിൽ എക്സൈസിന്റെ പിടിയിലായി. കൊല്ലം വടക്കേവിള അയത്തിൽ പട്ടത്താനം സ്വദേശി ജിജോ (41) ആണ് അറസ്റ്റിലായത്.

കരുനാഗപ്പള്ളി കാരോട്ട് മുക്കിന് പടിഞ്ഞാറ് ഭാഗത്ത് എക്സൈസ് ഇൻസ്പെക്ടർ ലതീഷ് എ.സിയുടെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 58 കുപ്പി മദ്യം പിടിച്ചെടുത്തത്. ഗോവയിൽ നിന്ന് കടത്തുന്ന മദ്യം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കൂടിയ വിലയ്ക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജിജോ എന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മുമ്പ് കരുനാഗപ്പള്ളിയിൽ ഗോവൻ മദ്യം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തെത്തുടർന്ന് ഇയാൾ ഏറെ നാളായി എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) രഘു കെ.ജി., എക്സൈസ് ഇൻസെക്ടർ (ഗ്രേഡ്) മാരായ അജയകുമാർ, ഉണ്ണിക്കൃഷ്ണപിള്ള, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ അഭിലാഷ്, സുജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മോളി, സിവിൽ എക്സൈസ് ഓഫീസർ മാരായ നിധിൻ, അജയഘോഷ്, രജിത്ത് കെ. പിള്ള, ചാൾസ്, കിഷോർ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. സംസ്ഥാനത്തെ അനധികൃത മദ്യക്കടത്ത് ശൃംഖലകൾക്കെതിരെ എക്സൈസ് പരിശോധനകൾ ശക്തമാക്കുന്നതിനിടെയാണ് ഈ അറസ്റ്റ്.

Tags:    

Similar News