ചില്ലറ വിൽപ്പനയ്ക്കായി അന്യസംസ്ഥാനത്ത് നിന്നും ലഹരിമരുന്ന് കടത്താൻ ശ്രമം; യുവാക്കൾ അറസ്റ്റിൽ; പിടിച്ചെടുത്തത് 70 ഗ്രാം എംഡിഎംഎ
തിരുവനന്തപുരം: ചില്ലറ വിൽപ്പനയ്ക്കായി അന്യസംസ്ഥാനത്ത് നിന്നും മയക്കുമരുന്ന് കടത്തിയ യുവാക്കൾ അറസ്റ്റിൽ. കെഎസ്ആർടിസി ബസിലാണ് ഇവർ എംഡിഎംഎ കടത്താൻ ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്ക് കടത്തിയ 70 ഗ്രാം എംഡിഎംഎയുമായി പേരൂർക്കട കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി യുവരാജ് വി.ആർ(30), കാട്ടാക്കട, പൂവച്ചൽ, ആലുമുക്ക്,കൊണ്ണിയൂർ സ്വദേശി അൻവർ.എ(24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെയാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘവും പാറശാല പോലീസും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്. ബെംഗളുരുവിൽ നിന്നു വാങ്ങിയ എംഡിഎംഎയുമായി ദീർഘദൂര ബസിൽ നാഗർകോവിലിൽ എത്തിയശേഷം കെഎസ്ആർടിസി ബസിൽ കയറി തിരുവനന്തപുരത്തേക്ക് വരുമ്പോണ് പാറശാലയിൽ നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപ്പന നടത്തുന്നതിനെത്തിച്ചതായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങി. ആരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്, ആർക്കു വേണ്ടിയാണ് എത്തിച്ചത് എന്നതടക്കമുള്ള വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു. അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്.