രഹസ്യ വിവരത്തിൽ പരിശോധന; വിൽപ്പനക്കായി കൊണ്ടുവന്ന എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
കൊല്ലം: വിൽപ്പനക്കായി കൊണ്ടുവന്ന 1.300 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൊല്ലം സിറ്റി പോലീസ് പിടികൂടി. ഇഞ്ചവിള സ്വദേശി മിഥുൻ കെ പോൾ, കരീപ്ര മടന്തക്കോട് സ്വദേശി ശ്യാം കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് മീഡിയം അളവിലുള്ള നാല് പാക്കറ്റുകളിലായി എംഡിഎംഎ കണ്ടെടുത്തു. ഇന്നലെ രാത്രി 8.30 ഓടെ ഡാൻസാഫ് (ഡാൻജറസ് ആന്റ് അൺസേഫ് ഡ്രഗ്സ് ആക്ട്) സംഘവും കൊട്ടിയം പോലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികളെ പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്റെ മേൽനോട്ടത്തിലുമായിരുന്നു പരിശോധന. വിപണിയിൽ ഉയർന്ന വിലയുള്ള എംഡിഎംഎ, മറ്റൊരു ലഹരിക്കടത്തുമായി ബന്ധമുള്ളയാളിൽ നിന്ന് 6000 രൂപ നൽകിയാണ് മിഥുൻ കെ പോൾ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പിന്നീട് 3000 രൂപക്ക് ഒരു ഗ്രാം എംഡിഎംഎ ശ്യാം കുമാറിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.എസ് ഐ സായി സേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, എസ്.ഐ നിതിൻ നളന്റെ നേതൃത്വത്തിലുള്ള കൊട്ടിയം പോലീസുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.