ക്ഷീര സംരംഭങ്ങളെ കാര്‍ഷിക താരിഫില്‍ ഉള്‍പ്പെടുത്തും; കെഎസ്ഇബി തീരുമാനത്തെ സ്വാഗതം ചെയ്ത് മില്‍മ
തിരുവനന്തപുരം: സംഭരണ, ശീതീകരണ സൗകര്യങ്ങളുള്ള ഡയറി ഫാമുകളെയും ക്ഷീര സഹകരണ സംഘങ്ങളെയും വാണിജ്യ താരിഫ് വിഭാഗത്തില്‍ നിന്ന് കാര്‍ഷിക വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ (കെഎസ്ഇബി) താരിഫ് പരിഷ്‌കരണത്തെ മില്‍മ സ്വാഗതം ചെയ്തു.
സംസ്ഥാനത്തെ സഹകരണ ക്ഷീര പ്രസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കിയ വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് അദ്ദേഹം നന്ദി അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ക്ഷീര മേഖലയുടെ വളര്‍ച്ചയ്ക്ക് ഇത് ആക്കം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രിലില്‍ കെഎസ്ഇബി നടപ്പിലാക്കിയ താരിഫ് പരിഷ്‌കരണത്തിലാണ് വാണിജ്യ വിഭാഗത്തില്‍ നിന്ന് ഇവയെ എല്‍ടി 5 (ബി) അഗ്രികള്‍ച്ചര്‍ താരിഫിലേക്ക് മാറ്റിയത്. വാണിജ്യ താരിഫ് പ്രകാരം 1000 വാട്ട് വരെ 65 രൂപ ഈടാക്കിയിരുന്നു. കാര്‍ഷിക താരിഫില്‍ ഉള്‍പ്പെടുത്തിയതോടെ കിലോവാട്ടിന് 30 രൂപ ആയി കുറയും.
സംഭരണ, ശീതീകരണ സൗകര്യങ്ങളുള്ള ഡയറി ഫാമുകള്‍ക്ക് എല്‍ടി 5 (ബി) അഗ്രികള്‍ച്ചര്‍ താരിഫ് ബാധകമാണ്. കര്‍ഷകരില്‍ നിന്ന് പാല്‍ ശേഖരിച്ച് മൊത്തമായി സംസ്‌കരണ യൂണിറ്റുകളിലേക്ക് വില്‍ക്കുന്ന പ്രാഥമിക ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളും, ആനന്ദ് മാതൃകാ ക്ഷീര സഹകരണ സംഘങ്ങളും, കണക്റ്റഡ് ലോഡിന്റെ 10 ശതമാനം കവിയാത്ത ചില്ലറ വില്‍പ്പനശാലകളും താരിഫിന്റെ പരിധിയില്‍ വരും.