ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി; അവശനിലയില്‍ റോഡരികില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

Update: 2024-10-21 01:02 GMT

കടുത്തുരുത്തി: ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര സ്വദേശി ശ്യാം തങ്കച്ചനെ (30) യാണ് കണ്ടെത്തിയത്. യുവാവിനെ അവശനിലയില്‍ തുമക്കുറുവില്‍ റോഡരികില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു.

ഇന്നലെ വൈകിട്ട് ശ്യാം സഹോദരന്‍ ശരത്തിനെ ഫോണില്‍ വിളിക്കുക ആയിരുന്നു. താന്‍ കര്‍ണാടകയിലെ തുമക്കൂരുവില്‍ ഉണ്ടെന്നും അവിടേക്ക് എത്തണമെന്നും ശ്യാം ആവശ്യപ്പെട്ടിരുന്നു. ശ്യാം അവശനിലയിലാണെന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ശരത് പറഞ്ഞു. 16നു കാണാതായ ശ്യാമിനെ തിരഞ്ഞുപോയ ശരത്തും സുഹൃത്ത് ജിക്കു ബാബുവും ബെംഗളൂരുവിലാണ് ഇപ്പോഴുള്ളത്. തുമക്കുരുവിലെത്തി ഇരുവരും ശ്യാമിനെ കണ്ടെത്തുക ആയിരുന്നു. ശ്യാം ഇപ്പോള്‍ ഇരുവര്‍ക്കുമൊപ്പമുണ്ട്. മൂവരും ഇന്നു നാട്ടിലേക്കു തിരിക്കും.

ശ്യാം തന്റെ സുഹൃത്തായ കാട്ടാമ്പാക്ക് സ്വദേശി ജോബി വിളിച്ചിട്ടാണു പെയ്ന്റിങ് ജോലിക്കായി ബെംഗളൂരിവിലേക്ക് പോയത്. ഒപ്പം സുഹൃത്ത് ബിബിനും ഉണ്ടായിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി കാത്തിരിക്കാനാണു ജോബി പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഇരുവരും 16നു രാത്രി സ്റ്റേഷനില്‍ ഇറങ്ങി കാത്തിരുന്നെങ്കിലും ജോബി എത്തിയില്ല. ഇതിനിടയില്‍ സ്റ്റേഷനു പുറത്തിറങ്ങിയ ശ്യാമിനെ പിന്നീടു കാണാതായെന്നാണു സുഹൃത്ത് പറയുന്നത്.

ഇരുവരെയും ജോലിക്കായി വിളിച്ചുകൊണ്ടുപോയ ജോബിയെ 18നു വൈകിട്ടു കോട്ടയം റെയില്‍വേ സ്റ്റേഷനു സമീപം ശരത് കണ്ടു. തുടര്‍ന്നു റെയില്‍വേ പൊലീസ് ജോബിയെ പിടികൂടി. പൊലീസ് ആവശ്യപ്പെട്ടതോടെ ശ്യാമിന്റെ ബന്ധുക്കള്‍ക്കൊപ്പം ജോബിയും ശ്യാമിനെ തിരഞ്ഞു ബെംഗളൂരുവിലെത്തിയിരുന്നു. പക്ഷേ, ജോബി പിന്നീടു മുങ്ങിയെന്നാണു ശ്യാമിന്റെ ബന്ധുക്കള്‍ പറയുന്നത്.

Tags:    

Similar News